കോവിഡ് ഭീതി; ഗ്രാമവാസികൾ കറൻസി നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് കഴുകി ഉണക്കാനിട്ടു

single-img
8 April 2020

കൊറോണ പകരുമെന്ന ഭീതിയിൽ കറൻസി നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി കർണാടകയിലെ മാണ്ഡ്യ നിവാസികൾ. മാണ്ഡ്യയിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളി എന്ന ഗ്രാമത്തിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്.

പലപ്പോഴായി സാധനങ്ങൾ വാങ്ങുന്നതിനിടെ വിവിധ വ്യാപാരികളിൽ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങൾ പറയുന്നു. രാജ്യമാകെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി എല്ലാവരും കൈകൾ സോപ്പും വെളളവും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ​ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

അതോടൊപ്പം പണത്തിന് പകരം എല്ലാവരോടും ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും നിർദ്ദേശിച്ചെങ്കിലും ആ കാര്യത്തിൽ ​ഗ്രാമവാസികൾ പരിചയസമ്പന്നരല്ലന്ന് മറ്റൊരു ​ഗ്രാമവാസിയായ ബോറെ ​ഗൗഡ പറയുന്നു. ഇവിടെ പല സ്ഥലങ്ങളിലും കൊറോണ വൈറസ് വ്യാപിക്കും എന്ന് ഭീഷണിപ്പെടുത്തി നോട്ടുപയോ​ഗിച്ച് മൂക്കും മുഖവും തുടയ്ക്കുകയും നക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രാമത്തിലെ കാർഷിക വിളകൾ വിറ്റ് വ്യാപാരികളിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നവരാണ് ഇവർ. അതാണ് ഇവർ പരിഭ്രാന്തരാകാൻ കാരണം.