മഹാമാരിക്കു പിന്നാലെ വറുതിയെത്തും: രാജ്യത്ത് പട്ടിണിയിലാകുന്നത് 40 കോടി ജനങ്ങൾ

single-img
8 April 2020

കോവിഡ് മഹാമാരി രാജ്യത്തെ അസംഘടിത മേഖലയെ രൂക്ഷമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 40 കോടി ജനങ്ങള്‍ പട്ടിണിയിലാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുളള ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മുഖാന്തരം 270 കോടി തൊഴിലാളികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.  ആഗോളതലത്തില്‍ കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യക്ക് പുറമേ നൈജീരിയ, ബ്രസീല്‍ തുടങ്ങി ജനസംഖ്യ ഏറെയുളള രാജ്യങ്ങളെയും കോവിഡ് വ്യാപനം ബാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ലക്ഷകണക്കിന് തൊഴിലാളികളാണ് പ്രയാസം നേരിടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ 90 ശതമാനം ജനങ്ങളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത് രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 40 കോടി വരും. ഇവര്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് മുന്നിലുള്ളതൊന്നും റിപ്പോർട്ടിൽ പറയുന്നു. .

ഏപ്രില്‍ മുതലുളള രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ തൊഴിലാളികളുടെ പ്രവൃത്തിസമയത്തില്‍ 6.7 ശതമാനത്തിന്റെ കുറവുണ്ടാകാം. ഇത് മുഴുവന്‍ സമയ ജീവനക്കാരായ 19 കോടി ആളുകളുടെ പ്രവൃത്തിസമയത്തിന് തുല്യമാണ്. തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതും പ്രവൃത്തി സമയം ചുരുക്കുന്നതും ഏറ്റവുമധികം ബാധിക്കുക ഈ രാജ്യത്തെ സാധാരണക്കാർ അടങ്ങുന്ന മേഖലകളെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

125 കോടി ജനങ്ങളെ പ്രതിസന്ധി നേരിട്ട് ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് ഉത്പാദന ഇടിവിനും  തൊഴില്‍ നഷ്ടത്തിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.