കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചെന്ന് വ്യാജ വാർത്ത; കാസർകോട് സ്വദേശി പിടിയിൽ

single-img
8 April 2020

നടന്‍ മോഹന്‍ലാല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകന്‍ സമീര്‍ ബിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.

തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ്കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് സമീര്‍ ബിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഒരു സിനിമയിൽ മോഹന്‍ലാല്‍ മരിച്ചതായി അഭിനയിച്ച സീനിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തായിരുന്നു ഇയാളുടെ പ്രചരണം. സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് വിവിധയാളുകള്‍ പരാതി പറയുകയും ചെയ്തിരുന്നു.