ലോക്ക് ഡൌൺ നീട്ടുന്ന കാര്യം ആലോചിക്കുമെന്ന് പ്രധാനമന്ത്രി: തീരുമാനം ശനിയാഴ്ച

single-img
8 April 2020

കോവിഡിനെ നേരിടാന്‍ കര്‍ശനനിയന്ത്രണം തുടരേണ്ടിവരുമെന്നും ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ കക്ഷിനേതാക്കളുമായുള്ള വിഡിയോകോണ്‍ഫറന്‍സിലാണ് ലോക്ക്ഡൌൺ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്.

അതേസമയം, ലോക്ഡൗണ്‍ നീട്ടുന്നത് മുഖ്യമന്ത്രിമാരുടെ അഭിപ്രായം അറിഞ്ഞശേഷം മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മോദി വീഡിയോ കോൺഫറൻസിംഗ് വഴി സംസ്ഥാനമുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക. ഇതിന് മുമ്പ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച സമയത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് മോദി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.

”ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കും. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണയായിട്ടുണ്ട്. ലോക്ക്ഡൗൺ ഭാഗികമായി നീക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശം പരിഗണിക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നു”, എന്നും മോദി വ്യക്തമാക്കി. 

അതേസമയം, പൊതുഇടങ്ങള്‍ മേയ് 15വരെ അടച്ചിടണമെന്ന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്. കര്‍ശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി. ലോക് ഡൗണിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രി നാലുദിവസത്തിനകം പ്രഖ്യാപനം നടത്തും. രണ്ടാം സാമ്പത്തിക പാക്കേജും ഉടന്‍ പ്രഖ്യാപിക്കും.