മരണം താണ്ഡവമാടുന്ന സ്പെയിനിൽ സർവ്വത്ര ലോക് ഡൗൺ, ഒന്നൊഴിച്ച്

single-img
8 April 2020

കോവിഡ് മരണനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. ഇതുവരെ 14,045പേരാണ് സ്പെയിനിൽ രോഗം ബാധിച്ച് മരിച്ചത്. രാജ്യം സമ്പൂർണ്ണ ലോക് ഡൗണിലാണ്. അത്യാവശ്യസര്‍വീസുകളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. 

രാജ്യത്തെ ഒരു ഫാക്ടറികളും തുറന്നു പ്രവർത്തിക്കുന്നില്ലെങ്കിലും തടസമേതുമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ശവപ്പെട്ടികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍. 

മരുന്ന് നിര്‍മാണത്തിനും ഊര്‍ജോല്‍പാദനത്തിലും മുന്‍പന്തിയിലുള്ള രാജ്യമാണ് സ്പെയിന്‍. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പെയിനിലെ ഇപ്പോഴത്തെ ദുരന്തസാഹചര്യത്തില്‍ ശവപ്പെട്ടികളാണ് അവശ്യ വസ്തുക്കളിലൊന്ന്. മറ്റെല്ലാ ഫാക്ടറികളും ലോക്ഡൗണിലായിട്ടും ശവപ്പെട്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ്. 

മുന്‍പ് ദിവസേന ഉണ്ടായിരുന്ന ഉല്‍പാദനത്തേക്കാള്‍ എട്ടും പത്തും മടങ്ങ് വർധനയാണ് ഇപ്പോഴുള്ളത്. പലദിവസങ്ങളിലും ശവപ്പെട്ടികളുടെ ഉത്പാദനം തികയാതെ വരുന്നുണ്ട്. വലിയ ട്രക്കുകളില്‍ അടുക്കടുക്കായി ഇവ കയറ്റിക്കൊണ്ടുപോകുന്ന കാഴ്ച ഹൃദയഭേദകമാണ്. 

കഴിഞ്ഞ ദിവസം മുതൽ മരണനിരക്കില്‍ നേരിയ കുറവുവരുന്നുണ്ടെങ്കിലും ആശ്വാസതീരമണയാന്‍ സ്പെയിന്‍ ഇനിയുമേറെ പ്രയത്നിക്കണം. ഒന്നരലക്ഷത്തോളം പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.