ലോക്ക് ഡൗണ്‍ തീരുന്ന 14-ന് ശേഷം എന്ത്? മന്ത്രിസഭ യോഗം ഇന്ന്, തീരുമാനങ്ങള്‍ ഇന്നറിയാം

single-img
8 April 2020

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഈ മാസം 14ന് അവസാനിക്കും. ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടിപടികളെക്കുറിച്ച്‌ ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും.

കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാനം പരിശോധിക്കേണ്ടതല്ല. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയതാണ്. അത് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിച്ച നടപടികള്‍, നിലവിലെ സ്ഥിതിഗതികള്‍ തുടങ്ങിയവയെല്ലാം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം, സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരും.അതിനാല്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

‘നമ്മള്‍ ഏഴ് ദിവസമായിരുന്നല്ലോ പ്രഖ്യാപിച്ചിരുന്നത്, കേന്ദ്രം 21 ദിവസം പ്രഖ്യാപിച്ചു. അതനുസരിച്ച് നമ്മള്‍ ചെയ്തു. നമ്മള്‍ ഏഴ് ദിവസം എന്നുപറഞ്ഞ് മാറിനില്‍ക്കാനാവില്ല. അതുപോലെ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചാലും കടുത്ത നിയന്ത്രണം തുടരാനാണ് സാധ്യത. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം, സാലറി ചാലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും വിശദാംശങ്ങള്‍ക്കു രൂപം നല്‍കിയിരുന്നില്ല. അതിനാല്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സാലറി ചാലഞ്ച് നടപടികള്‍ക്കും അന്തിമ രൂപം നല്‍കും.