മൂന്നു മാസങ്ങൾക്കു ശേഷം ചെെനയിൽ കൊറോണ മരണം നടക്കാത്ത ഒരു ദിനം

single-img
8 April 2020

ലോകം കൊറോണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. കോവിഡ്‌ ബാധിച്ചുമരിച്ചവരുടെ എണ്ണം ലോകത്താകെ 81000 കടന്നു. എന്നാൽ ഇതേസമയം ചൈനയിൽ നിന്നും കേൾക്കുന്നത് ആശ്വാസ വാർത്തയാണ്. ചൈനയിൽ കൊറോണ സ്ഥിരീകരിക്കുന്ന ഡിസംബർ മാസത്തിനുശേഷം ഒരു രോഗികൾ പോലും മരിക്കാത്ത ഒരു ദിനമാണ് കഴിഞ്ഞദിവസം കടന്നുപോയത്. 

രോഗം പടർന്നുപിടിച്ചശേഷം ആദ്യമായാണ്‌ ചൈനയിൽ കൊറോണ ബാധിച്ച ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്തത്. ഇതേസമയം ലോകത്താകെ മരണസംഖ്യ 81,000 കടന്നു. തുടർച്ചയായി നാലു ദിവസം മരണസംഖ്യ കുറഞ്ഞ സ്‌പെയിനിൽ ചൊവ്വാഴ്‌ച വർധിച്ചു. 743 പേർകൂടി മരിച്ചു. മരണസംഖ്യ 13,798. ബ്രിട്ടനിൽ 786 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 6159 ആയി. ബൽജിയത്തിൽ 403 പേർകൂടി മരിച്ചു. മരണസംഖ്യ 2035. നെതർലൻഡ്‌സിലും 2000 കടന്നു.

ഇറ്റലിയിൽ മരണസംഖ്യ 17,127.  ഫ്രാൻസിൽ ഒമ്പതിനായിരത്തോട്‌ അടുക്കുന്നു. അമേരിക്കയിൽ 12,000 കടന്നു. രോഗികൾ നാലു ലക്ഷത്തിനടുത്ത്‌.  ഇറാനിൽ മരണസംഖ്യ ചൊവ്വാഴ്‌ചയും കുറഞ്ഞു. 133 പേരാണ്‌ മരിച്ചത്‌. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ലോകത്ത്‌ 14 ലക്ഷം കടന്നിരിക്കുകയാണ്.