ഹൃദയമുരുകി നീ കരയില്ലെങ്കിൽ….

single-img
8 April 2020

ഗോപകുമാർ സാഹിതി

അർജ്ജുനൻ മാസ്റ്ററെക്കുറിച്ച് പറയുമ്പോൾ ഇതിലും ഭേദപ്പെട്ടൊരു തലക്കെട്ട് കിട്ടാനുണ്ടാവില്ല. കൊടിയ ദാരിദ്ര്യത്തിനുമപ്പുറത്ത് അനാഥത്വവും അരക്ഷിതബോധവും നിറഞ്ഞ ബാല്യകൗമാരങ്ങളെ മറികടന്ന്, രാജ്യമറിയുന്ന സംഗീത സംവിധായകൻ എന്ന പദവിയിലേക്കുളള മാസ്റ്ററുടെ യാത്രയിലുടനീളം അദ്ദേഹത്തിന് തുണയായത് സംഗീത പാണ്ഡിത്യത്വത്തിലുമുപരി വിനയവും, എളിമയും, സഹജീവികളോടുള്ള സ്നേഹവുമായിരുന്നു.

ഇന്ന് ലോകമറിയുന്ന അർജുനൻ മാസ്റ്ററെ സിനിമാ സംഗീത സംവിധായകൻ എന്ന സാമാന്യം ഭേദപ്പെട്ട ‘സെലിബ്രിറ്റി തസ്തിക’യിൽ ഒതുക്കുമ്പോഴും അദ്ദേഹത്തിന്റെ വളർച്ചക്ക് വെള്ളവും വളവും നൽകിയതും, സിനിമാ സംഗീതത്തിൽ നിന്ന് അകലുകയോ അകറ്റപ്പെടുകയോ ചെയ്ത ശേഷം അദ്ദേഹത്തെ നിലനിറുത്തിയതും മലയാളപ്രൊഫഷണൽ നാടകരംഗമായിരുന്നു എന്ന വസ്തുത അദ്ദേഹത്തെക്കുറിച്ച് പറഞ്ഞവരും എഴുതിയവരും മറന്നത് സൗകര്യപൂർവ്വമായിരുന്നോ എന്നറിയില്ല.

പ്രൊഫഷണൽ നാടക രംഗത്ത് അദ്ദേഹത്തോടൊപ്പം
പ്രവർത്തിച്ചവരിൽ ഒരാളോടെങ്കിലും മാസ്റ്ററുടെ നാടകാനുഭവങ്ങളെക്കുറിച്ച് ചോദിക്കാൻ ഒരു മാധ്യമവും സമയം കണ്ടെത്തിയില്ല. (ശ്രീ. മുകേഷ് (എം എൽ എ) ഒരു ചാനലിൽ പങ്കുവച്ച കുറച്ച് കാര്യങ്ങൾ ഒഴികെ) നാടകാചാര്യൻമാരായിരുന്ന ഒ.മാധവൻ, വൈക്കം ചന്ദ്രശേഖരൻ നായർ, സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ തുടങ്ങിയ പകരം വയ്ക്കാനില്ലാത്ത പ്രഗൽഭരുടെ നേതൃത്വത്തിലുള്ള കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ ഹാർമോണിയം വാദകനായി എത്തിയതാണ് അർജ്ജുനൻ മാസ്റ്ററുടെ ജീവിതത്തിലെ വഴിത്തിരിവ്.

ഹാർമോണിയം എന്ന സംഗീതോപകരണത്തെ “ഇങ്ങനെയും കൈകാര്യം ചെയ്യാം ” എന്ന് ആസ്വാദകരെക്കൊണ്ടും സംഗീതജ്ഞരെ കൊണ്ടും പറയിച്ച ഈ പ്രതിഭ, കണ്ടുമുട്ടി ഏതാനും മണിക്കൂറുകൾക്കകം തന്നെ ദേവരാജൻ മാസ്റ്ററുടെ മനസിൽ കയറി. ഹാർമോണിസ്റ്റായി നാടക സമിതിയുടെ കുടുസ്സു വണ്ടിയിൽ നാടാകെ ചുറ്റുമ്പോഴും, സ്റ്റേജിലെയോ ക്യാമ്പിലെയോ സൗകര്യങ്ങളെപ്പറ്റി മാസ്റ്റർ പരാതികളൊന്നും പറയാറേയില്ലായിരുന്നു എന്ന് മാസ്റ്റർക്കൊപ്പം തബലിസ്റ്റായി പ്രവർത്തിക്കുകയും പിന്നീട് സിനിമാനടനാവുകയും ചെയ്ത മണവാളൻ ജോസഫ് പറഞ്ഞിട്ടുണ്ട്. ആഹാര കാര്യത്തിലോ സ്വന്തം സുഖ സൗകര്യങ്ങളിലോ അദ്ദേഹം ശ്രദ്ധ വച്ചിരുന്നില്ല. കിട്ടുന്നത് കഴിക്കും, കിട്ടുന്ന സ്ഥലത്ത് ഉറങ്ങും.അതായിരുന്നു രീതി.

നാടക സമിതിയിൽ നിന്ന് സിനിമയുടെ മായാലോകത്ത്, മഹാരഥൻമാർക്കും സാമാന്യം ഭേദപ്പെട്ട ജീവിത സാഹചര്യങ്ങൾക്കുമൊപ്പം എത്തിയപ്പോഴും മാസ്റ്റർ മാറിയില്ല. ദാരിദ്ര്യവും അലച്ചിലും ശീലമായ നാടകക്കാലം എപ്പോഴും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നിരിക്കാം. സിനിമാലോകത്ത് ചിരപ്രതിഷ്ഠിതനായ ശേഷവും നാടക സമിതികളെ കൈവിടാനോ നാടകങ്ങൾക്ക് പാട്ടൊരുക്കുന്നത് മതിയാക്കാനോ അദ്ദേഹം തയ്യാറായില്ല.

പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോഴും കാളിദാസ കലാകേന്ദ്രം, വൈക്കം മാളവിക,
കെ പി എ സി, സൂര്യ സോമ, കേരളാ തിയേറ്റേഴ്സ്, ദേശാഭിമാനി, നാഷണൽ തിയേറ്റേഴ്സ്, സൗപർണ്ണിക മുതലായ എണ്ണമറ്റ സമിതികൾക്കു വേണ്ടി പാട്ടും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി.

പട്ടണക്കാട് പുരുഷോത്തമൻ, ഉല്ലാസ്, തൃശൂർ വേണു, പീറ്റർ, ജെൻസി, സാബു (കലാഭവൻ) കല്ലറ ഗോപൻ, പ്രമാടം രാജു, മണക്കാട് ശ്രീധരൻ തുടങ്ങിയ പ്രഗൽഭ ഗായകരെ മാത്രമല്ല, അത്രയൊന്നും പ്രഗൽഭരല്ലാത്തവരെയും മാസ്റ്റർ പാട്ടു പഠിപ്പിച്ചു. സ്റ്റേജിന്റെ വലതു വശത്തുള്ള ഇത്തിരിപ്പോന്ന സ്ഥലത്ത് ഉപകരണവും ഗായകരും ഇരുന്ന് പാടിയും പശ്ചാത്തല സംഗീതം അവതരിപ്പിക്കുകയും ചെയ്തിരുന്ന സുവർണ്ണകാലഘട്ടത്തിലും, ആധുനിക സൗകര്യങ്ങളോടെ റെക്കോഡ് ചെയ്തവതരിപ്പിക്കുന്ന നവയുഗത്തിലും അദ്ദേഹം നാടകങ്ങളുടെ ഭാഗമായിരുന്നു. സാമ്പത്തിക ഞെരുക്കവും കഷ്ടതകളും അസൗകര്യങ്ങളും ആഡംബരങ്ങളായ നാടക ക്യാമ്പുകളിലേക്ക് മുണ്ടിന്റെ ഒരു തലപൊക്കിപ്പിടിച്ച് കടന്നു വരുന്ന മാസ്റ്ററുടെ ചിത്രം മറക്കുവതെങ്ങിനെ നാം?

കിട്ടുന്ന കസേരയിലോ, ബഞ്ചിലോ, സ്റ്റൂളിലോ ഇനിയതുമല്ല ഏതെങ്കിലും പെട്ടിയുടെ പുറത്തോ ഇരുന്ന് ‘നൊട്ടേഷൻ’ എഴുതുന്ന മാസ്റ്ററെ എങ്ങനെയാണ് മറക്കുക. നാടക ക്യാമ്പുകളുടെ അച്ചടക്കമില്ലായ്മക്കിടയിലും ക്ഷീണം മാറ്റാൻ അദ്ദേഹത്തിന് ഒരു ബഞ്ച് തന്നെ ധാരാളം !

നാടക സമിതി മുതലാളിമാർ തൊട്ട്, സെറ്റ് കെട്ടുന്ന തൊഴിലാളികൾ വരെ മാസ്റ്ററുടെ അടുത്ത സ്നേഹിതരായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ഉറച്ച സൗഹൃദങ്ങളും, ഊഷ്മള ബന്ധങ്ങളും നാടക ജീവിതത്തിൽ നിന്നും കിട്ടിയവയായിരുന്നു. അദ്ദേഹത്തിന്റെ മനസിലെ മാറാത്ത വേദനയായി, പൊടുന്നനെ എങ്ങോ പോയ് മറഞ്ഞ കൊച്ചിയിലെ വേലായുധൻ നായർ മുതൽ തിരുവനന്തപുരത്തെ ബിജു ( പാങ്ങപ്പാറ) വരെയുള്ള വ്യത്യസ്തതയാർന്ന സൗഹൃദങ്ങളെ ജീവനെപ്പോലെ അദ്ദേഹം സൂക്ഷിച്ചു, അവസാനം വരെയും.

ഇൻഡ്യൻ സിനിമയിലെ വമ്പൻമാരുമായുള്ള സൗഹൃദത്തെയും സെറ്റ് ബോയിമാർ വരെയുള്ള വരുമായുള്ള ചങ്ങാത്തത്തെയും ഒന്നുപോലെ കണ്ട മാസ്റ്ററെക്കാളും വലിയ മാനവിക മൂല്യങ്ങളുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല.
ഇനിയൊട്ട് കാണാമെന്ന ഉറപ്പുമില്ല.

അത്യാവശ്യം തുണികളും നിത്യോപയോഗ സാധനങ്ങളും നിറച്ച കുഞ്ഞ് ബാഗുമായി കേരളമെമ്പാടും, നാടക സമിതികളിൽ നിന്ന് സമിതികളിലേക്ക് നിർമമതയോടെ സഞ്ചരിച്ച മാസ്റ്ററുടെ ചിത്രം തെളിമയോടെ പലരുടെയും കണ്ണിലുണ്ട്. അത്യപൂർവ്വം കൂട്ടായ്മകളിൽ ചില കുസൃതികൾ പറഞ്ഞിരുന്ന മാസ്റ്റർ, ഒരിക്കൽ പോലും സ്വയം പുകഴ്ത്തിയതായി കേട്ടിട്ടേയില്ല. വൈക്കം മാളവികയുടെ ‘അമ്മേ മാപ്പ്” എന്ന നാടകത്തിൽ നിന്ന് അകാരണമായി മാറ്റി നിർത്തപ്പെട്ടപ്പോൾ, ഉള്ളിലിരമ്പിയ രോഷമത്രയും അടക്കിപ്പിടിച്ച് ക്യാമ്പിലേക്ക് വന്ന് ഹാർമ്മോണിയമെടുത്തു വച്ചിട്ട്, “പാട്ടുകളേതൊക്കെയാ, കൊണ്ടു വാ ” എന്ന സൗമ്യ ശബ്ദത്തിന് മുന്നിൽ ചൂളി ഇല്ലാതായിപ്പോയെന്ന് നാടകാചാര്യൻ റ്റി.കെ.ജോൺ പലവട്ടം പറഞ്ഞിട്ടുണ്ട്.

റിയാലിറ്റി ഷോകളുടെ ആവശ്യമായി അല്ലെങ്കിൽ അനിവാര്യ ഘടകമായി മാസ്റ്റർ മാറിയതോടെയാണ് മാസ്റ്റർ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. കാരണം, ജീവിച്ചിരിക്കുന്ന ഒരേയൊരു മാസ്റ്ററായിരുന്നല്ലോ അദ്ദേഹം. ആരുടെയും കുറ്റമല്ല. കാലം, അതങ്ങനെയാണ്. മാസ്റ്റർക്കു കിട്ടിയ അംഗീകാരങ്ങൾ മുഴുവനും നാടകഗാനങ്ങളുടെ സംവിധാനത്തിനായിരുന്നു. അരനൂറ്റാണ്ടുകാലത്തെ സംഗീതസപര്യക്കിടയിൽ 2017ൽ മാത്രമാണ് ചലച്ചിത്ര സംഗീത സംവിധാനത്തിന് അദ്ദേഹത്തെ
സംസ്ഥാന പുരസ്കാരം തേടിച്ചെന്നത്.
ഏതാനും ചില വ്യക്തികളുടെ സ്ഥാപിത താൽപര്യം പലവട്ടം അദ്ദേഹത്തിന്റെ വഴിമുടക്കിയപ്പോഴും അദ്ദേഹം ആരോടും കലഹിച്ചില്ല. ആരോടും കലഹിക്കാനുള്ള ശീലം മാസ്റ്റർക്ക് വശമില്ലായിരുന്നു.

സിനിമാ സംഗീതത്തിന്റെ മായാലോകത്ത് വിഹരിക്കുമ്പോഴും, നാടകങ്ങളായിരുന്നിരിക്കാം അദ്ദേഹത്തിന്റെ മനസിൽ. നാടകം പെറ്റമ്മയും സിനിമ പോറ്റമ്മയുമായിരുന്നു എന്ന് സ്വകാര്യമായി അദ്ദേഹം പറഞ്ഞത് ഇവിടെ പറയാതെ വയ്യ. ഹാർമോണിയത്തിന്റെ വശ്യസുന്ദര മാന്ത്രികത കാണിച്ചു തന്ന അദ്ദേഹത്തിന്റെ വിരലുകൾക്ക് ഈശ്വരനേൽപ്പിച്ച വിലക്ക് അദ്ദേഹത്തിന്റെ സ്വകാര്യ ദു:ഖമായിരുന്നു.
ഹാർമോണിയം വാദനത്തിലും പാട്ടൊരുക്കലിലും, പശ്ചാത്തല സംഗീത സംവിധാനത്തിലും അദ്ദേഹത്തിന്റെ ശിഷ്യരും പിൻഗാമികളുമായിരുന്ന ഫ്രാൻസിസ് വലപ്പാട്, കുമരകം രാജപ്പൻ, വൈപ്പിൻ സുരേന്ദ്രൻ, കലവൂർ ബാലൻ തുടങ്ങിയവരുടെ കാലം തെറ്റിയ കടന്നു പോക്കും അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. വലപ്പാട് മാഷിന്റെ സംസ്കാര ചടങ്ങിനിടെ എന്നെ ദേഹത്തോടു ചേർത്ത് നിർത്തി വിതുമ്പിയ മാസ്റ്ററുടെ മുഖം ഇപ്പോഴും ഓർക്കുന്നു.

കുറച്ചു വർഷങ്ങൾക്കു മുമ്പ് മകൻ അനിലിന്റെ വീട്ടിൽ വച്ച് എന്നെയും സംഗീത സംവിധായകൻ സതീഷ് രാമചന്ദ്രനെയും ഇരുവശങ്ങളിലും, എന്റെ മകൻ അഭിരാമിനെ മുന്നിലും ഇരുത്തി സംഗീതത്തെക്കുറിച്ച്, ദേവരാജൻ മാസ്റ്ററെക്കുറിച്ച മണിക്കൂറുകളോളം സംസാരിച്ചു. “കാർത്തികപ്പൂക്കൾ കണിമലരായ് ” എന്ന പഴയൊരു നാടകഗാനം ഞാൻ മൂളിക്കേൾപ്പിച്ചപ്പോൾ, ആഹാ, നല്ല പാട്ടാണല്ലോ? ആരുടെ പാട്ടാ, എന്നു ചോദ്യം. മാഷിന്റെ പാട്ടാണെന്നു പറഞ്ഞപ്പോൾ, ശരിയായിരിക്കാം, കുറേയൊക്കെ മറന്നു പോയി. സ്നേഹത്തിനു മാത്രം കണക്കു സൂക്ഷിച്ചിരുന്ന മാസ്റ്റർ മറ്റൊന്നിനും കണക്കു സൂക്ഷിച്ചിരുന്നില്ല. അതറിയാവുന്നവർക്കറിയാം, രേഖപ്പെടുത്തിയ പാട്ടുകളെക്കാൾ മികച്ച നൂറു കണക്കിനു പാട്ടുകൾ അദ്ദേഹം സൃഷ്ടിച്ചിരുന്നു. അവിടുന്നു പിരിയാൻ നേരം സതീഷ് രാമചന്ദ്രനും അഭിരാമിനും ഓരോ മുത്തം. എന്നെ തഴഞ്ഞതായിരിക്കില്ല, പലവട്ടം തന്നിട്ടുണ്ടല്ലോ എന്ന് ഞാൻ സ്വയം സമാധാനിച്ചു.

സ്കൂട്ടറിന്റെ പുറകിൽ ഒരു വശത്ത് കാലിട്ടു സഞ്ചരിച്ച മാഷ്, തട്ടുകടകളിൽ നിന്ന് ആസ്വദിച്ചു കഴിച്ച മാഷ്, ഒരടി വീതി ബെഞ്ചിൽ, നിരത്തിയിട്ട പെട്ടികളിൽ വിരിച്ച പായയിൽ, നിലത്തു വിരിച്ച ഷീറ്റിൽ കിടന്നുറങ്ങിയിരുന്ന മാഷ്.

ഇത്രയും ലളിത ചിത്തനായ, സൗമ്യനായ, സ്നേഹസമ്പന്നനായ ഒരാൾ നമുക്കൊപ്പം ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താൻ കൂടിയുള്ളതാണ് ഈ കുറിപ്പ്.

അഹങ്കാരത്തെ അകറ്റി നിറുത്താനുള്ള ഒറ്റമൂലി കൂടിയാണ് അർജുനൻ മാസ്റ്റർ.
പലവട്ടം ശരീരത്തോട് ചേർത്തു പിടിച്ചപ്പോൾ കിട്ടിയ മാസ്റ്ററുടെ മണവും ഞങ്ങൾക്കൊപ്പമില്ലാത്ത അച്ഛന്റെ മണവും തമ്മിൽ വല്ലാത്ത സാമ്യമല്ല,
ഒരേമണം തന്നെ.

https://www.facebook.com/story.php?story_fbid=848471498965931