ഇറച്ചിയില്ലാതെ ചോറ് ഇറങ്ങില്ല: കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ലഭിക്കുന്ന ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികൾ

single-img
7 April 2020

കഴിഞ്ഞ ദിവസം തിരുവനന്തപുരം ചാലയിലെ കമ്യൂണിറ്റി കിച്ചനുകളില്‍നിന്നു നല്‍കിയ ഭക്ഷണം റോഡരികില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അതിഥി സംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം വലിച്ചെറിഞ്ഞെന്നാണ് കണ്ടെത്തിയത്. സസ്യാഹാരത്തോട് താല്‍പര്യമില്ലാത്തതിനാലാണ് വാങ്ങിയ ഭക്ഷണം പലരും കളയുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. 

സംസ്ഥാനത്ത് പലയിടങ്ങളിലും ഇതുതന്നെയാണു സ്ഥിതിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കമ്മ്യൂണിറ്റി കിച്ചനുകള്‍ നടത്താന്‍ സര്‍ക്കാര്‍ പെടാപ്പാട് പെടുമ്പോഴാണ് ലഭിക്കുന്ന ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞുകളയുന്നത്. സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചനുകള്‍ വഴിയും ഇവര്‍ക്കു പ്രത്യേകമായും നല്‍കുന്ന ഭക്ഷണപ്പൊതികളാണ് ചിലര്‍ രുചിപോരെന്നു പറഞ്ഞ് വലിച്ചെറിയുന്നത്. ഇതുകാരണം അര്‍ഹരായ പലര്‍ക്കും ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 1,069 കമ്മ്യൂണിറ്റി കിച്ചനുകളാണ് തുടങ്ങിയത്. 963 എണ്ണം കൂടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിച്ചതാണ്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 1,80,424 പേര്‍ക്കാണു ഭക്ഷണം വിതരണം ചെയ്തത്. ഇതില്‍ 16,221 പേര്‍ക്കു സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.

ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കാന്‍ 1309 കെട്ടിടങ്ങളും പഞ്ചായത്തുകള്‍ സജ്ജമാക്കി. അതിഥി തൊഴിലാളികള്‍ക്കായി 569 ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവുകളില്‍ കഴിയുന്ന 511 പേരെ പഞ്ചായത്തുകള്‍ പുനരധിവസിപ്പിച്ചു. ഇതിനു പുറമേയാണ് സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും കമ്യൂണിറ്റി കിച്ചനുകള്‍ നടത്തുന്നത്.