നാലുമാസം സമയമുണ്ടായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ല, രാജ്യം പോകുന്നത് നാശത്തിലേക്ക്; നാലുമണിക്കൂറിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കമലഹാസൻ

single-img
7 April 2020

ചെന്നൈ: രാജ്യത്ത് ആവസ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ.കോവിഡ് ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ അപ്രതീക്ഷിത ലോക്ഡൗണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെയാണെന്ന് കമൽ പറഞ്ഞു.

 നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ഡൗണ്‍ പ്രഖ്യാപനമെന്നും, ഉള്ളവരുടെ ലോകം ബാല്‍ക്കണിയില്‍നിന്ന് എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് താരം തുറന്നടിക്കുന്നു.

1.4 ബില്യണ്‍ ജനങ്ങളുളള ഒരു രാജ്യത്തെയാണ് നിങ്ങള്‍ 4 മണിക്കൂര്‍ കൊണ്ട് അടച്ച്‌പൂട്ടിയിരിക്കാന്‍ ഉത്തരവിട്ടത്. നാല് മാസത്തോളം സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നിട്ടും നാല് മണിക്കൂര്‍ സമയമാണ് ജനങ്ങള്‍ക്ക് നല്‍കിയത്’.-കമല്‍ഹാസന്‍ പറയുന്നു.

നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായതുപോലെ ഒരു പ്രതിസന്ധി രാജ്യത്ത് ആവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നതായും മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ അറിയിച്ചു. പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് രൂക്ഷ വിമര്‍ശനം.