കോവിഡ് -19; ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനം ആരംഭിച്ചതായി എയിംസ് ഡയറക്ടര്‍;ആരംഭഘട്ടത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഭയപ്പെടേണ്ടത്തില്ല

single-img
7 April 2020

ഡല്‍ഹി: ലോകം ഒന്നടങ്കം കൊറോണവൈറസ് മഹാമാരിയോട് പോരാടുകയാണ്. ദിനംപ്രതി ആയിരങ്ങളുടെ ജീവനാണ് കൊറോണ കവര്‍ന്നെടുക്കുന്നത്. എന്നാൽ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചുവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ സമൂഹവ്യാപനം സ്ഥിരീകരിച്ചിട്ടില്ല.മുംബൈയില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനം ആരംഭിച്ചതായാണ് സൂചനകള്‍. സ്റ്റേജ് രണ്ടിനും (പ്രാദേശിക വ്യാപനം)സ്റ്റേജ് മൂന്നിനും (സമൂഹവ്യാപനം) ഇടയിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം, ഇത് ആശങ്കയ്ക്ക് വഴിതുറക്കുന്നുവെന്ന് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ചുള്ള സമൂഹവ്യാപനമാണ് ഇപ്പോള്‍ കാണുന്നത്. ആരംഭഘട്ടത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ പിന്നീട് ഭയപ്പെടേണ്ടതായി ഒന്നുമില്ല. പക്ഷെ നമ്മള്‍ ജാഗരൂഗരായിരിക്കേണ്ടതുണ്ട്.നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ്‌ സമ്മേളനമാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അതുകൊണ്ട് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തേണ്ടതും ക്വാറന്റൈന്‍ ചെയ്യേണ്ടതും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

ഈ ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ നല്ല തീരുമാനമാണ്. ഏപ്രില്‍ 10ന് ശേഷം മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ ലഭിക്കുകയുള്ളൂ. ലോക്ക് ഡൗണ്‍ തുടരണോ എന്നതടക്കമുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂവെന്നും രണ്‍ദീപ് ഗുലേറിയ പ്രതികരിച്ചു.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ 49 ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതാണ്. മാര്‍ച്ച്‌ 10 നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 50-ല്‍ 190 ലേക്കെത്തി. മാര്‍ച്ച് 25 ഓടെ ഇത് 606 ആയി. മാര്‍ച്ച് അവസനത്തോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 1397 ആണ്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. 120 ശതമാനം വര്‍ധനവാണ് ഈ അഞ്ച് ദിവസം രേഖപ്പെടുത്തിയത്. ഏപ്രില്‍ നാല് ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 132 മരണം റിപ്പോര്‍ട്ട് ചെയ്തു.