ദീപം തെളിയിക്കാന്‍ പറഞ്ഞപ്പോള്‍ പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ‘പൊട്ടിത്തെറിച്ച്’ ഗംഭീറും ഹര്‍ഭജനും; ഇവർക്ക് ഈ പടക്കമൊക്കെ എവിടുന്ന് കിട്ടിയെന്ന് അശ്വിൻ

single-img
7 April 2020

ഡൽഹി : കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി രാജ്യമാകെ ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങി പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ തുറന്നടിച്ച് ക്രിക്കറ്റ് താരങ്ങളായ ഗൌതം ഗംഭീർ , ഹര്‍ഭജന്‍ സിങ്,അശ്വിൻ, രോഹിത് ശര്‍മ എന്നിവർ.

ഇന്ത്യക്കാര്‍ വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും നിര്‍ണായക പോരാട്ടത്തിന്റെ നടുക്കാണ് നമ്മളിപ്പോഴുമെന്നും പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള അവസരമല്ല ഇതെന്നും ബിജെപി എംപി കൂടിയായ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

പടക്കം പൊട്ടിക്കുന്നതിനിടെ രാജസ്ഥാനിലെ ജയ്പുരിൽ ഒരു വീടിന് തീപിടിക്കുന്ന വിഡിയോ പങ്കുവച്ചാണ് ഹർഭജന്റെ വിമർശനം. കൊറോണ വൈറസിന്റെ പിടിയിൽനിന്ന് നാം രക്ഷപ്പെട്ടാലും ഇത്തരം വിഡ്‍ഢിത്തങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ഹർഭജൻ ചോദിച്ചു.

അതെ സമയം വിളക്കുതെളിക്കൽ യജ്ഞത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിൽ ആശ്ചര്യം രേഖപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. ‘എന്റെ അദ്ഭുതം അതല്ല. ഈ ആളുകൾക്കെല്ലാം എവിടെനിന്നാണ് പടക്കം ലഭിച്ചത്. മാത്രമല്ല, ഇതൊക്കെ അവർ എപ്പോൾ വാങ്ങിയെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയും രംഗത്ത് എത്തിയിരുന്നു. ലോകകപ്പിന് ഇനിയും മാസങ്ങളുണ്ടെന്നും അപ്പോള്‍ നമുക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കാമെന്നും ഇപ്പോള്‍ തല്‍ക്കാലം വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും രോഹിത് പറഞ്ഞിരുന്നു.