മോദിയുടെ ആഹ്വാനം സ്വീകരിച്ചവർ പടക്കം പൊട്ടിച്ചതിൽ തെറ്റൊന്നുമില്ല; ന്യായീകരണവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്

single-img
7 April 2020

കൊൽക്കത്ത:പാത്രം മുട്ടി കൊറോണയെ തുരത്താൻ ഇറങ്ങി തിരിച്ചവർ പിന്നീട് പണ്ടങ്ങളും പടക്കങ്ങളുമായി തെരുവിലിറങ്ങിയത് ഞായറാഴ്ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിക്കൽ ആഹ്വാനത്തെ തുടർന്നാണ് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ഒരു വിഭാഗം ജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചതും പടക്കങ്ങൾ പൊട്ടിച്ചതും. എന്നാൽ മോദിയുടെ ആഹ്വാനം സ്വീകരിച്ച ജനങ്ങൾ പടക്കം പൊട്ടിച്ച പ്രവർത്തിയെ ന്യായീകരിച്ച് പശ്ചിമബം​ഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്തെത്തിയിരിക്കുകയാണ്. സന്തോഷപ്രകടനത്തിന്റെ ഭാ​ഗമായി ജനങ്ങൾ പടക്കം പൊട്ടിച്ചതിൽ തെറ്റൊന്നുമില്ല എന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.

കൊറോണ വൈറസ് സൃഷ്ടിച്ച ഇരുട്ടിനെ അകറ്റാൻ ഏപ്രിൽ 5 ഞായറാഴ്ച ഒൻപത് മണി ഒൻപത് മിനിറ്റ് നേരം വീടുകളിൽ ലൈറ്റുകളെല്ലാമണച്ച് ഒരുമയുടെ ദീപം തെളിക്കണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ചിലർ റോ​ഡിലിറങ്ങി പടക്കം പൊട്ടിക്കുകയും ദീപങ്ങൾ പറത്തി വിടുകയും ചെയ്തിരുന്നു. രാജ്യവും ലോകം മുഴുവനും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഇത്തരം ആഘോഷങ്ങൾ അനാവശ്യമാണെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു.

‘ലോക്ക് ഡൗണും കൊറോണ വൈറസ് ബാധയും മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. പടക്കം പൊട്ടിക്കാൻ ആരും അവരോട് ആവശ്യപ്പെട്ടില്ല. അതേ സമയം അവർ അങ്ങനെ ചെയ്തെങ്കിൽ തന്നെ അതിലെന്താണ് തെറ്റ്? അവരുടെ സന്തോഷത്തിന്റെ പ്രകടനമാണത്.’ ദിലീപ് ഘോഷ് പറഞ്ഞു. ‘അന്തരീക്ഷ മലിനീകരണം സംഭവിച്ചു എന്ന് പറഞ്ഞ പരിസ്ഥിതി പ്രവർത്തകരോട് ഞാൻ ഒരു കാര്യം പറയാം. വർഷം മുഴുവൻ മലിനീകരണം നീണ്ടുനിൽക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലേ? ഈ സംഭവത്തിൽ കൂടുതൽ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്നാണ് എന്റെ അഭ്യർത്ഥന.’ ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

പകർച്ച വ്യാധി ആഘോഷിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ എന്നായിരുന്നു മുതിർന്ന ടിഎംസി നേതാവ് അഭിഷേക് ബാനർജിയുടെ വിമർശനം. ‘ദീപം തെളിച്ചും പടക്കം പൊട്ടിച്ചും ആകാശ വിളക്കുകൾ കത്തിച്ചും പകർച്ച വ്യാധി ആഘോഷിക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ എത്ര പേർ അനുസരിച്ചു എന്നാണ് ഞാൻ ആലോചിക്കുന്നത്. സ്വയം ഏകാന്തത എന്നാണോ സ്വയം നാശം എന്നാണ് ഇവർ പഠിപ്പിക്കുന്നത്?’ അഭിഷേക് ബാനർജി ട്വിറ്ററിൽ കുറിച്ചു.