പാകിസ്താനില്‍ സ്ഥിതി അതീവ ഗുരുതരം; മാസ്‌കും ഗ്ലൗസുമില്ല: പ്രതിഷേധിച്ച ആരോഗ്യപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
7 April 2020

ഇസ്ലാമാബാദ്: ലോകരാജ്യങ്ങളെ ആകമാനം വിറപ്പിച്ച കൊറോണ വൈറസ് പാക്കിസ്ഥാനെ അക്ഷരാർത്ഥത്തിൽ ഞെരുക്കുകയാണ്. അയാൾ രാജ്യമായ ഇന്ത്യയിൽ പോലും വൈറസ് ബാധ ഭയന്ന് മുന്നൊരുക്കങ്ങൾ നടത്തിയപ്പോൾ മൗനമവലംബിച്ച പാക്ക് ഭരണ കർത്താക്കൾ നൽകേണ്ടി വരുന്നത് ഇപ്പോൾ കനത്ത വിലയാണ്. ആരോഗ്യ മേഖലയിലെ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ പോലും ലഭ്യമാകാത്ത അവസ്ഥയാണ് പാക്കിസ്ഥാനിൽ. ഇതേ തുടര്‍ന്ന് പ്രതിഷേധിച്ച നൂറിലധികം ആരോഗ്യപ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. പാകിസ്താനിലെ ക്വറ്റ നഗരത്തിലാണ് ഡോക്ടര്‍മാരടങ്ങുന്ന പ്രതിഷേധക്കാരുടെ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ആദ്യം നഗരത്തിലെ പ്രധാന ആശുപത്രിക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വീടിന് മുന്നിലും പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസുമായി ഏറ്റുമുട്ടുകയും ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നുവെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തുടനീളമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ചകളായി സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് കൊറോണ രോഗികളെ ചികിത്സിക്കുന്നത്. ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡബ്ല്യൂ എച്ച് ഒ നിര്‍ദ്ദേശിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോയത്.- ക്വാറ്റയിലെ ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

പിപിഇ കിറ്റ് വേണമെന്ന് ആവശ്യപ്പെട്ടാണ് ആരോഗ്യപ്രവര്‍ത്തകരുടെ സംഘം പ്രതിഷേധിച്ചത്. എന്നാല്‍ ഇത് എത്രയും വേഗത്തില്‍ എത്തിക്കാമെന്ന്‌ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ അവര്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് ബലൂചിസ്താന്‍ പ്രവിശ്യ സര്‍ക്കാര്‍ വക്താവ് ലിയാഖത് ഷെഹ്‌വാനിപറഞ്ഞു.രാജ്യത്ത് കൊറോണ ബാധിച്ച് 50ല്‍ അധികം പേര്‍ മരിക്കുകയും 3277 ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.