കൊറോണയെ പ്രതിരോധിക്കാന്‍ 5 ടി പദ്ധതിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

single-img
7 April 2020

സംസ്ഥാനത്ത് കൊറോണ വൈറസിനെ നേരിടാന്‍ മികച്ച ഡോക്ടര്‍മാരും വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പ്രത്യേക പദ്ധതി തയാറാക്കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിന് വേണ്ടി 5ടി അഥവാ ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്‌മെന്റ്, ടീംവര്‍ക്ക്, ട്രാക്കിങ് എന്നിങ്ങനെയാണ് വൈറസിനെ നേരിടുന്നത്.ഇതില്‍ പ്രധാനമായി ഐ.സി.എം.ആറിന്റെ നിര്‍ദേശം അനുസരിച്ച് കൊറോണയുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ റാപിഡ് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു കഴിഞ്ഞു.

മുന്‍പ് പരിശോധന കിറ്റുകളുടെ ക്ഷാമം സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു എങ്കിലും ഇപ്പോള്‍ ആ സ്ഥിതി മാറി. അതോടൊപ്പം തന്നെ റാപ്പിഡ് ടെസ്റ്റ് വിപുലീകരിക്കുന്നതിനായി ഒരു ലക്ഷം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി ഇപ്പോള്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് നിസാമുദ്ദീനിലും ദില്‍ഷാദ് ഗാര്‍ഡനിലുമാണ്.

അതേപോലെ തന്നെ ഡല്‍ഹിയിലെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളിലായി 2950 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് വരെ 525 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. പക്ഷെ 30,000 ത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ഏകദേശം 8000 ത്തോളം ബെഡുകള്‍ ആശുപത്രികളില്‍ ഒരുക്കാനാകും.

ഇനിയുള്ള ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കും. 400 വെന്റിലേറ്റര്‍ സൗകൗര്യവും 1200 ബെഡുകളില്‍ ഓക്‌സിജന്‍ സൗകര്യവും ഒരുക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു.