ഭക്ഷ്യവസ്തുക്കളുമായി സാമൂഹ്യ അടുക്കള നടത്താൻ അനുമതി തേടി യൂത്ത് കോൺഗ്രസ്: സാധനങ്ങൾ സപ്ലൈ ഓഫിസറെ ഏൽപ്പിച്ച് സർക്കാർ സന്നദ്ധ സേനയിൽ പ്രവർത്തിക്കാൻ കോടതി ഉത്തരവ്

single-img
7 April 2020

കൊല്ലത്ത് സ്വയം സാമൂഹ്യ അടുക്കള നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് സന്നദ്ധ സേനയിൽ പ്രവർത്തിക്കാൻ കോടതി ഉത്തരവ്. ഉത്തരവു പ്രകാരം രണ്ടുപേരേയും സന്നദ്ധ സേനയിൽ ഉൾപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കോടതി ഉത്തരവ് പ്രകാരം ഇവരുടെ കൈവശമുള്ള ഭക്ഷ വസ്തുക്കൾ ജില്ലാ സപ്ലൈ ഓഫിസർക്ക് കൈമാറാൻ ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തതായി സർക്കാരിനു വേണ്ടി ഹാജരായ സീനിയർ ഗവ.പ്ലിഡർ പി.നാരായണൻ കോടതിയെ അറിയിച്ചു. 

സാമൂഹിക അടുക്കള പ്രവർത്തിക്കന്ന പശ്ചാത്തലത്തിൽ ഭക്ഷണ വിതരണത്തിന് മറ്റൊരു സംവിധാനം ആവശ്യമില്ലന്ന് സർക്കാർ നിലപാട് ആവർത്തിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് കൂട്ടം ചേർന്ന് ഭക്ഷണ നിർമ്മാണവും വിതരണവും പാടില്ലന്ന കണ്ണനല്ലൂർ പോലിസിന്റെ നോട്ടിസ് ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി വിഡിയോ കോൺഫറൻസിൽ പരിഗണിച്ചത്.

 ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവച്ച കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.