ഒരു ഗ്രാമം മുഴുവൻ ക്വറന്റയ്നിൽ; ഒറ്റപ്പെട്ട അവസ്ഥയിൽ ഇറ്റലിയിലെ നെറോള

single-img
7 April 2020

കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് ലോകരാഷ്ട്രങ്ങൾ ഭൂരിഭാഗവും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങൾ മാത്രമാണ് ഇപ്പോൾ ജനങ്ങൾക്ക് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ ഇറ്റലിയിൽ ഒരു ഗ്രാമം മുഴുവൻ ക്വറന്റയ്നിൽ കഴിയുകയാണ്.

റോമിന് തൊട്ടപ്പുറത്ത് സ്ഥിതിചെയ്യുന്ന നെറോളയെന്ന ഒരു ചെറിയ ഗ്രാമമാണ് ഇങ്ങനെ ഒറ്റപ്പെട്ട് കിടക്കുന്നത്. വെറും 1,900 ഓളം ആളുകള്‍ മാത്രം താമസിക്കുന്ന ആ ഗ്രാമം വിട്ടു ജനങ്ങള്‍ക്ക് പുറത്തുപോകാനോ, ആ ഗ്രാമത്തിലേക്ക് ആര്‍ക്കെങ്കിലും പ്രവേശിക്കാനോ അനുവാദമില്ല.ഇവിടെ ആളുകള്‍ക്ക് സ്വന്തം വീട് വിട്ട് പോലും പുറത്തു പോകാന്‍ അനുവാദമില്ല.

ഗ്രാമത്തിൽ 77 പേര്‍ക്ക് രോഗം ബാധിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരം നടപടികൾ. ഇന്ന് ഈ ഗ്രാമം ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കയാണ്. എന്നാല്‍, കൊവിഡ് 19 നെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന പരീക്ഷണാത്മക ലബോറട്ടറിയായി ഈ ഗ്രാമത്തെ ഉപയോഗിക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍.

ഗ്രാമത്തിലെ റോഡുകള്‍ സൈന്യം പൂര്‍ണ്ണമായും അടച്ചു. ഒരു വണ്ടി പോലും അവിടെ നിരത്തുകളില്‍ കാണാന്‍ സാധിക്കില്ല. ഗ്രാമത്തെ ‘റെഡ് സോണ്‍’ ആയി പ്രഖ്യാപിച്ചത്തിന് ശേഷം ആരെയും ഗ്രാമത്തില്‍ പ്രവേശിക്കാനോ പുറത്തുപോകാനോ അനുവദിക്കുന്നില്ല. ഒരു ഘട്ടത്തില്‍, ഇറ്റാലിയന്‍ സര്‍ക്കാര്‍ ആ ഗ്രാമത്തിലേക്ക് എത്താനുള്ള എല്ലാ സൈന്‍ ബോര്‍ഡുകളും നീക്കം ചെയ്യുക വരെയുണ്ടായി.

ഇത്രയും ചെറിയ ജനസംഖ്യയുള്ള ഒരു ഗ്രാമത്തില്‍ വൈറസ് അതിവേഗം പടരുന്നത് മെഡിക്കല്‍ സമൂഹത്തെ അത്ഭുതപ്പെടുത്തി. 1,900 പേര്‍ മാത്രമുള്ള ഒരു സമൂഹത്തിനുള്ളില്‍ കൊറോണ വൈറസ് എങ്ങനെ വ്യാപിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലാക്കാനുള്ള ഒരവസരമാണ് ഇതെന്ന് അവര്‍ കണ്ടു. അങ്ങനെ കോവിഡ് 19 ജനസംഖ്യയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാന്‍ മെഡിക്കല്‍ വിദഗ്ധര്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രാമത്തിലെ ഒരു കെയര്‍ ഹോമിലാണ് ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍, രണ്ട് രോഗികള്‍ മരിക്കുന്നതുവരെ ഇത് കൊവിഡ് 19 ആണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായില്ലായിരുന്നു. ‘ജനസംഖ്യ വളരെ കുറവായിട്ടും ഇവിടെ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലായതിനാലാണ് ഇവിടെ ഇത്തരം കഠിനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതെന്ന് അധികൃതർ പറയുന്നു.

ഇത്തരമൊരു പരീക്ഷണത്തിന് എന്തിനാണ് ഈ ഗ്രാമത്തെ തെരഞ്ഞെടുത്തത് എന്ന് ബിബിസി ചോദിച്ചപ്പോള്‍, റോമിന് തൊട്ടപ്പുറത്തുള്ള ഒരു കുന്നിന്‍ മുകളില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ് ഈ ഗ്രാമമെന്നും, ചെറിയ ഒരു ജനസംഖ്യ മാത്രമാണ് ഈ ഗ്രാമത്തിലുള്ളതെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ കൂടുതല്‍ നല്ല രീതിയില്‍ ഈ ഗ്രാമത്തെ പഠിക്കാനും, നിരീക്ഷിക്കാനും ഇതുവഴി സാധിക്കുന്നുവെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ‘

ഗ്രാമീണരെ സൂക്ഷ്മമായി നിരീക്ഷിക്കാനും, പരീക്ഷണാത്മക ചികിത്സകള്‍ അവരില്‍ നടത്താനുമാണ്‌ ഗവേഷകര്‍ പദ്ധതിയിടുന്നത്. കൊവിഡ് 19 എന്ന മഹാമാരിക്കെതിരായുള്ള പോരാട്ടത്തില്‍ ഇറ്റലിയിലെ ഈ ചെറിയ ഗ്രാമത്തിൽ നടത്തുന്ന പഠനങ്ങൾ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.