അർജുനൻ മാസ്റ്റർ വിടവാങ്ങി

single-img
6 April 2020

മലയാളത്തിലെ എക്കാലത്തേയും മികച്ച സം​ഗീത സംവിധായകരിൽ പ്രമുഖനായ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. മലയാളികളുടെ സ്വന്തം അർജുനൻ മാസ്റ്റർ ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ഒരുക്കിട്ടുണ്ട്. 

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം.

അഞ്ചു പതിറ്റാണ്ടു നീണ്ടുകിടക്കുന്നതായിരുന്നു  അദ്ദേഹത്തിൻ‌റെ സം​ഗീത യാത്ര. നാടക ​ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടർന്ന് 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. 

2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനമാണ് പുരസ്കാരത്തിന് അർഹമായത്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു. കൂടാതെ എ ആർ റഹ്മാൻ്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അർജുനൻ മാസ്റ്റർ വഴിയായിരുന്നു. 

മലയാളികൾ എന്നും മനസിൽ സൂക്ഷിക്കാൻ നിരവധി ​ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹ​ത്തിന്റെ മടക്കം.