ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് മാസ്ക് പോലും ധരിക്കാതെ പ്രാര്‍ത്ഥനാ സമ്മേളനം; പാസ്റ്റര്‍ അറസ്റ്റില്‍

single-img
6 April 2020

രാജ്യമാകെയുള്ള കൊവിഡ് 19 വ്യാപനം ചെറുക്കാനായി പ്രധാനമന്ത്രി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് പ്രാര്‍ത്ഥനാ സമ്മേളനം നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയിലുള്ള റായവാരം ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു മാസ്ക് പോലും ധരിക്കാതെ പ്രാര്‍ത്ഥന സമ്മേളനം നടത്തിയത്.

വിശുദ്ധവാരത്തിന്‍റെ തുടക്കം കുറിച്ചായിരുന്നു പ്രാര്‍ത്ഥന. ഇവിടെ എത്തിയ വിശ്വാസികള്‍ ഒരേ പാത്രത്തില്‍ നിന്നാണ് വെള്ളം കുടിച്ചതെന്നും റെയ്ഡ് നടത്തിയ പോലീസുകാര്‍ പറയുന്നു. ഇവിടെ എത്തിയ പോലീസ് വിശ്വാസികളെ വീടുകളിലേക്ക് അയച്ച ശേഷമായിരുന്നു പാസ്റ്ററിനെ അറസ്റ്റ് ചെയ്തത്. വിജയ് രത്നം എന്ന് പേരുള്ള പാസ്റ്ററിനെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 188, 270 എന്നിവ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇയാളുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ചെറുക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരിനോട് സഹകരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് തെലുഗു ചര്‍ച്ചസ് എക്സിക്യുട്ടീവ് തീരുമാനിച്ചതിന് ശേഷവും ഈ രീതിയിൽ ആരാധനയുമായി പാസ്റ്റര്‍ വിജയ രത്നം മുന്നോട്ട് പോവുകയായിരുന്നു.