കാസർഗോഡ് രാജ്യത്തെ ഏറ്റവുമധികം രോഗവ്യാപനമുള്ള മേഖല: അതിര്‍ത്തി തുറക്കുന്നത് മരണത്തെ ആലംഗനം ചെയ്യുന്നതിന് തുല്യമാകും: യെഡിയൂരപ്പ

single-img
6 April 2020

കാസര്‍കോട് അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ്. അതിര്‍ത്തി തുറക്കുന്നത് മരണത്തെ ആലംഗനം ചെയ്യുന്നതിന് തുല്യമാകുമെന്നാണ് യെഡിയൂരപ്പയുടെ നിലപാട്. ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ സര്‍വീസുകള്‍ക്കായി അതിര്‍ത്തി തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കത്തിന് നല്‍കിയ മറുപടിയിലാണ് യെഡിയൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. 

കോവിഡ് പടരുന്ന ഇക്കാലത്ത് തലപ്പാടി അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങള്‍ ‘മരണത്തെ ആലിംഗനം’ ചെയ്യുന്നതിനു തുല്യമാണ്. അതിര്‍ത്തി അടച്ചത് വിദ്വേഷം കൊണ്ടൊന്നുമല്ല. രാഷ്ട്രീയമായ എതിര്‍പ്പുകളോ ഇല്ല. അയല്‍ സംസ്ഥാനങ്ങളോടു നല്ല സഹോദര ബന്ധം പുലര്‍ത്തണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, കര്‍ണാടകയിലെ ജനങ്ങളുടെ താല്‍പര്യമാണ് സര്‍ക്കാരിന് പരമപ്രധാനം- അദ്ദേഹം പറഞ്ഞു. 

അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം ആലോചനയില്ലാതെ സ്വീകരിച്ചതല്ല. കാസര്‍കോട് മേഖലയില്‍ 106 കോവിഡ് രോഗികളുണ്ട്. രാജ്യത്തു തന്നെ ഏറ്റവുമധികം രോഗ്യവ്യാപനമുള്ള മേഖലയാണിത്. കാസര്‍കോട്ടെ സ്ഥിഗതികളെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മംഗലൂരു ബ്രാഞ്ച് വിശദമായ പഠനം തന്നെ നടത്തി. കാസര്‍കോട് അതിര്‍ത്തി അടയ്ക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. 

അതിര്‍ത്തി അടയ്ക്കാതിരുന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രത്യാഘാതം ഗുരുതരമായിരിക്കും. കര്‍ണാടകയിലെ ജനങ്ങള്‍ മരണത്തെ ആശ്ലേഷിക്കുന്നതിന് സമാനമാകും അത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ കോവിഡ് രോഗികളാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയും ?. കേരളത്തില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിര്‍ത്തി തുറക്കേണ്ടതില്ലെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ വിശദീകരിച്ചു.