പ്രധാനമന്ത്രി മാത്രമല്ല, കൊറോണയെ തുരത്താൻ ഡോക്ടറാകാനും തയ്യാർ; വീണ്ടും ആതുരസേവനത്തിലേക്ക് തിരിഞ്ഞ് ഐറിഷ് പ്രധാനമന്ത്രി

single-img
6 April 2020

ലോകരാഷ്ട്രങ്ങളിലെ ഭീമൻമാരെ വിറപ്പിച്ച കൊറോണ വൈറസ് അയർലണ്ടിലും പിടിമുറുക്കിക്കഴിഞ്ഞു. രാജ്യത്ത് വൈറസ് പടരുന്ന സാഹചര്യത്തിൽ  ആരോഗ്യ മേഖലയിലേക്ക് മെഡിക്കല്‍ യോഗ്യത ഉള്ളവരും, ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തവരുമായ ആളുകളോട് തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഇവർക്ക് പ്രചോദനമായി ഇപ്പോൾ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

ഡോക്ടറായ അയർലണ്ട് പ്രധാനമന്ത്രി  ലിയോ വരദ്കര്‍ വാണ്ടും മെഡിക്കൽ രംഗത്തേക്ക് മടങ്ങിയെത്തുകയാണ്. ഡോക്ടറായ പ്രധാനമന്ത്രിയുടെ സേവനം ആഴ്ചയില്‍ ഒരിക്കല്‍ ഉണ്ടാകും. തന്റെ പരിധിയില്‍ വരുന്ന മേഖലകളില്‍ ഡോ വരദ്കര്‍ കൊറോണയെ നേരിടുന്ന മെഡിക്കല്‍ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ഒരു സെഷനായിട്ടായിരിക്കും പ്രധാനമന്ത്രിയുടെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനം.

ഡബ്ലിന്‍ ട്രിനിറ്റി സര്‍വകലാശാലയില്‍ നിന്നാണ് ഡോ വരദ്കര്‍ മെഡിക്കല്‍ ബിരുദം നേടിയത്. 2003 ല്‍ ബിരുദം നേടിയ പ്രധാനമന്ത്രിയുടെ അച്ഛന്‍ ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആണ്.

ആരോഗ്യ മേഖലയില്‍ യോഗ്യതയുള്ളവരെ തിരിച്ചു വിളിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അടക്കം 60,000ഓളം പേര്‍ ആണ് അയര്‍ലന്റില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.