57,000 ജനസംഖ്യയും പരിമിതമായ ആരോഗ്യ സംവിധാനങ്ങളും: പക്ഷേ കൊറോണ ഗ്രീൻലാൻഡിനെ തൊട്ടില്ല

single-img
6 April 2020
ചിത്രത്തിനു കടപ്പാട്: അൽ ജസീറ

യൂറോപ്പ് മാരകമായ പകർച്ചവ്യാധിയോട് പോരാടുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻ‌ലാൻഡിൽ കൊറോണ ബാധിച്ച് ഒരാൾ പോലും ഇതുവരെ മരിച്ചിട്ടില്ല. മാത്രമല്ല ഒരാൾ പോലും തീവ്രപരിചരണത്തിലുമല്ല. 57,000 ജനസംഖ്യയും പരിമിതമായ ആരോഗ്യ പരിരക്ഷാ സംവിധാനവുമുള്ള ഗ്രീൻ‌ലാൻ്റിൽ പക്ഷേ വൈറസ് പടർന്നു പിടിച്ചാൽ അതിജീവനം പക്ഷേ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇതുവരെ 11 പേരെ മാത്രമാണ് വൈറസ് ബാധിച്ചവരായി കണ്ടെത്തിയത്, ഇവരെല്ലാം ഗ്രീൻലാൻഡിൻ്റെ തലസ്ഥാനമായ ന്യൂക്കിലാണ്. ഇവരെല്ലാം നിരീക്ഷണത്തിലുമാണ്. 

ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഒരു ദ്വീപാണ്‌ ഗ്രീൻലാൻഡ്. കാനഡയുടെ വടക്ക്-കിഴക്കായാണ്‌ ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രതേകിച്ച് ഐസ്‌ലാൻഡ്, നോർവെ, ഡെന്മാർക്ക് എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീൻലാൻഡ്. ഇതിനെ ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നില്ല. 1979 ൽ ഗ്രീൻലാൻഡിന്‌ ഡെന്മാർക്ക് സ്വയംഭരണാവകാശം നൽകുകയുണ്ടായി. 

അതേസമയം, ഗ്രീൻലാൻഡിന്റെ തലസ്ഥാന നഗരം അടച്ചു കഴിഞ്ഞു.  സ്വകാര്യ ബോട്ടുകളിലും മറ്റും ദ്വീപിൻ്റെ മറ്റു സ്ഥലങ്ങളിൽ താമസിക്കുന്ന സാധാരണക്കാർക്കും പുറത്തു നിന്നു വരുന്നവർക്കു പ്രത്യേക അനുമതിയില്ലാതെ ന്യൂക്കിലേക്ക് പ്രവേശിക്കുവാൻ സാധ്യമല്ല. മാത്രമല്ല അവിടെയുള്ളവർക്ക് പുറത്തു പോകുവാനും കഴിയില്ല. 

പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും യൂറോപ്യൻ കോളനിക്കാർ ഗ്രീൻ‌ലാൻഡിലേക്ക് കൊണ്ടുവന്ന മാരകമായ പകർച്ചവ്യാധികളുടെ ചരിത്രമുള്ളതിനാലാണ് ഇത്തരത്തിലുള്ള സുരക്ഷാ മുൻകരുതൽ രാജ്യം നടത്തിയിരിക്കുന്നത്. വെെറസ് ബാധ പല ചെറിയ ഗ്രാമങ്ങളിലും അതിവേഗം എത്തിച്ചേരുമെന്ന ആശങ്ക ഉയർത്തിയതോടെ രാജ്യം അടച്ചിടാൻ ഗ്രീൻലാൻഡ് തയ്യാറാകുകയായിരുന്നു. അസുഖ ലക്ഷണങ്ങൾ കാട്ടുന്നവരെ ഗ്രീൻ‌ലാൻഡിലെ ചെറിയ ആശുപത്രികളിൽ പരിചരണവും നൽകിവരുന്നു. 

ന്യൂക്കിന് പുറത്തുള്ള ഗ്രീൻ‌ലാൻ‌ഡ് ഇപ്പോഴും പൂർണ്ണമായും കൊറോണ വിമുക്തമാണ്, മാത്രമല്ല നിലവിൽ ഇവിടെ മദ്യവും നിരോധിച്ചു കഴിഞ്ഞു. മറ്റിടങ്ങളിൽ നിന്നും ഇപ്പോൾ  ഗ്രീൻലാൻഡിലേക്കുള്ള ഫ്ലൈറ്റുകളോ കപ്പലോ മറ്റ് യാത്രാ മാർഗങ്ങളോ ഇല്ല. ഗ്രീൻ‌ലാൻ‌ഡിലെ 72 പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കുമിടയിൽ ഇപ്പോഴും പറക്കുന്ന ചുരുക്കം ചില വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഈ അവസരത്തിൽ കാണാൻ സാധിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

1992 ൽ ഓവ് റോസിംഗ് ഓൾസൻ ഗ്രീൻ‌ലാൻഡിന്റെ ആദ്യത്തെ ആരോഗ്യമന്ത്രിയായി. ഗ്രീൻ‌ലാൻഡിലെ ആഭ്യന്തര ഭരണകൂടമാണ് ആരോഗ്യ വ്യവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. മുൻ കൊളോണിയൽ ശക്തിയായ ഡെൻമാർക്കിന് ഗ്രീൻ‌ലാൻഡിന്മേൽ ഇപ്പോഴും പരമാധികാരം നിലനിൽക്കുന്നുണ്ട്.