കൊവിഡിനെ പറ്റി വ്യാജ വാർത്ത; ഈ ഘട്ടത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് ബിജെപിയോട് മമത

single-img
6 April 2020

രാജ്യമാകെ അപകടകരമായ രീതിയിൽ കൊവിഡ് 19 പടരുമ്പോൾ അതിനെതിരെ നടത്തുന്ന പ്രതിരോധവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ആരോഗ്യ വകുപ്പിനെതിരെ നടത്തുന്ന വ്യാജവാര്‍ത്ത പ്രചരണം അവസാനിപ്പിക്കണമെന്ന് ബിജെപിയുടെ ഐ.ടി സെല്ലിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ നിങ്ങൾ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നും മമത ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ കൊവിഡ് ബാധിതരുടെ എണ്ണത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിവരം നല്‍കുന്നില്ലെന്നും ഇവ മറച്ചു വെക്കുകയാണെന്നും ബിജെപിയുടെ ഐ.ടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞിരുന്നു.

ഇതാണ് മമതയെ പ്രകോപിതയാക്കിയത്. തന്റെ പ്രസ്താവനയിൽ പക്ഷെ നേരിട്ട് ബിജെപിയുടെയോ അമിത് മാളവ്യയുടെയോ പേര് പരാമര്‍ശിക്കാതെയാണ് മമതയുടെ വിമര്‍ശനം. ബംഗാളിൽ കഴിഞ ദിവസങ്ങളിൽ കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ഒരു ആഗോള ഉപദേശക സമിതി രൂപീകരിച്ചിരുന്നു. നോബല്‍ ജേതാവും മോദിയെ വിമർശിക്കുകയും ചെയ്ത അഭിജിത്ത് ബാനര്‍ജി ഈ സമിതിയില്‍ അംഗമാണ്.