അമേരിക്കയിൽ കൊറോണ ബാധിച്ചു മരിച്ച മലയാളികൾ എട്ടായി

single-img
6 April 2020

കോവിഡ് ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസാണ് മരിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ ജോണും കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി. 

കോവിഡ് ബാധിച്ച് അയര്‍ലന്റിലും സൗദിയിലും ഓരോ മലയാളികള്‍ വീതം മരിച്ചിട്ടുണ്ട്. അയര്‍ലാന്‍ഡില്‍ മലയാളി നഴ്‌സ് കോട്ടയം കുറുപ്പന്തറ സ്വദേശി പഴംചിറയില്‍ ജോര്‍ജ് പോളിന്റെ ഭാര്യ ബീന ജോര്‍ജാണ് മരിച്ചത്.

നഴ്‌സായിരുന്ന ബീന ക്യാന്‍സര്‍ രോഗിയായിരുന്നു. രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചു.  ഭര്‍ത്താവും മകളും ഐസലേഷനില്‍ കഴിയുകയാണ്. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കും.

ന്യുയോര്‍ക്കില്‍ കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പില്‍ തൈക്കടവില്‍ ഷോണ്‍  എബ്രഹാം ആണ് മരിച്ചത്. 21 വയസായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളുമടക്കം എല്ലാവരും അമേരിക്കയില്‍ സ്ഥിരതാമസമാണ്. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ടാണ്  ന്യൂയോര്‍ക്കില്‍ മരിച്ച മറ്റൊരു മലയാളി.