യുവാക്കളിൽ കോവിഡ്​ അപകടകാരിയോ; ഉത്തരം തേടി ഗവേഷകർ

single-img
5 April 2020

കോവിഡ്​ വൈറസ്​ യുവാക്കളിൽ അത്ര അപകടകാരിയല്ല എന്നാണ്​ ഗവേഷകർ പൊതു​വെയും കരുതുന്നത്​. എന്നാൽ, ഈ ധാരണക്ക്​ വിരുദ്ധമായി നിരവധി മരണങ്ങൾ ഇപ്പോൾ സഭവിച്ചു കൊണ്ടിരിക്കുകയാണ്‌ . ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള യുവാക്കൾക്ക് വരെ കോവിഡ് ബാധിക്കുന്നത് എന്തുകൊണ്ടാകും. ആർക്കും കൃത്യമായ ഉത്തരത്തിലേക്ക്​ എത്താനായിട്ടില്ലെങ്കിലും  ചില​ സാധ്യതകൾ​ ഗവേഷകർ ഇപ്പോൾ പരിശോധിച്ചുവരുന്നു

തിരിച്ചറിയപ്പെടാതെ കിടന്ന മറ്റു പല ആരോഗ്യ പ്രശ്നങ്ങളും കോവിഡ്​ ബാധയോട്​ കൂടി രൂക്ഷമാകുന്നതാണ്​ ചില യുവാക്കളിൽ അപകടകരമാകുന്നത്​. മറ്റ് കാരണങ്ങളാലും കോവിഡ്​ ബാധിക്കുന്ന യുവാക്കൾ ഗുരുതര അവസ്​ഥകളിലേക്കും മരണത്തിലേക്കും എത്തുന്നുണ്ട്​. 

ഒരാളുടെ ഉള്ളിൽ എത്തിപ്പെടുന്ന വൈറസിന്റെ അളവും അയാളുടെ ജനിതക ഘടനയുമൊക്കെ അപകടത്തിന്റെ തോതിനെ സ്വാധീനിക്കുന്നുണ്ടെന്നാണ്​ ഗവേഷകർ കരുതുന്നത്​. ‘വ്യക്​തികളുടെ ജനിതക ഘടനയും അതിന്റെ പ്രത്യേകതയും കോവിഡ്​ ഉണ്ടാക്കുന്ന രോഗത്തിന്റെ രൂക്ഷതയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്​. മറ്റു വൈറസുകളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നുണ്ട്​’ -ലണ്ടൻ ഇംപീരിയൽ കോളജിലെ വൈറോളജിസ്​റ്റ്​ മിഷേൽ സികിന്നർ പറയുന്നു. വൈറസ്​ കാരണമായ പുണ്ണ്​ പോലുള്ള ചില രോഗങ്ങൾ ചിലരിൽ കടുത്ത പ്രയാസങ്ങൾ ഉണ്ടാക്കുന്നത്​ ഇതി​ന്​ തെളിവായി അദ്ദേഹം ചൂണ്ടികാണിക്കുന്നു.

സസക്​സ്​ യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്​റ്റ്​ ആലിസൺ സിൻക്ലയർ പറയുന്നത്​ രോഗിയുടെ ശരീരത്തിൽ എത്തുന്ന വൈറസി​ന്റെ അളവ്​ രോഗത്തി​ന്റെ രൂക്ഷത വർധിപ്പിക്കുന്നുണ്ടോ എന്നത്​ പരിശോധിക്കേണ്ടതാണെന്നാണ്​.

ലണ്ടൻ സ്​കൂൾ ഓഫ് ഹൈജീൻ ആൻഡ്​ ട്രോപിക്കൽ മെഡിസിനിലെ എഡ്​വാർഡ്​ പാർക്കറും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. ചൈനയിൽ രൂക്ഷമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരിൽ വൈറസിന്റെ അളവും കൂടുതലായിരുന്നു എന്നത്​ ഒരു സൂചനയാണെന്നാണ് അദ്ദേഹം പറയുന്നത്.

കോവിഡ്​ വൈറസ്​ ബാധിക്കുന്നു എന്നതിലുപരി എന്ത് അളവിൽ ബാധിക്കുന്നു എന്നതും പ്രാധാന്യം ഉള്ളതാണ്​ എന്നാണ്​ ഇത്​ വ്യക്​തമാക്കുന്നത്​. രോഗലക്ഷണം ഉള്ളവർ സാമൂഹിക സമ്പർക്കം കർശനമായി ഒഴിവാക്കിയില്ലെങ്കിൽ മറ്റുള്ളവരിലേക്ക്​ പടരുന്നത്​ പോലെ തന്നെ രോഗ തീവ്രത വർധിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകുമെന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​.