ബലാത്സംഗത്തിന് ഇരയായ പെണ്കുട്ടിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

single-img
5 April 2020

കൊച്ചി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നൽകി കേരളാ ഹൈക്കോടതി. ഭ്രൂണത്തിന് 20 ആഴ്ചയില്‍ താഴെ പ്രായമുണ്ടെങ്കില്‍ മാത്രമേ നിയമപരമായി ഗര്‍ഭഛിദ്രം നടത്താന്‍ കഴിയൂ. എന്നാല്‍ ഭ്രൂണത്തിന് 24 ആഴ്ച പ്രായമുണ്ടെങ്കിലും പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് ഉപദേശം നല്‍കി. 

ഒരു അമ്മയാകാനുള്ള പക്വത പെണ്‍കുട്ടിക്കില്ല.പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും മെഡിക്കല്‍ ബോര്‍ഡിന്റെ ഉപേദശവും കണക്കിലെടുത്താണ് തീരുമാനം. ശാരാരികമായും മാനസികമായും പെണ്‍കുട്ടിക്ക് നിരവധി പ്രശ്‌നങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വന്നേക്കുമെന്ന് മെഡിക്കൽ ബോർഡ് ചൂണ്ടിക്കാണിച്ചു.  പ്രസവം വേണമോ എന്നത്  വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും വിധിയില്‍ പറയുന്നു.

അഞ്ച് മാസം മുമ്പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടർന്ന് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നീട് മംഗലാപുരത്ത് നിന്ന് ഇരുപത്തിയെട്ടുകാരനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി 24 ആഴ്ച ഗര്‍ഭിണിയായിരുന്നു. ചെറുപ്പക്കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.

പെണ്‍കുട്ടിയുടെ പിതാവ് ഭ്രൂണം നശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി തേടുകയായിരുന്നു.കേസിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് അന്ന് തന്നെ കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു