കൊവിഡ്-19: സര്‍ക്കാര്‍ നല്‍കിയ കണക്കിനെക്കാള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു; റോയിട്ടേര്‍സിന് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി ഇറാഖ് സര്‍ക്കാര്‍

single-img
4 April 2020

അന്താരാഷ്‌ട്ര മാധ്യമമായ റോയിട്ടേര്‍സിന് സര്‍ക്കാര്‍ നല്‍കിയ കണക്കിനേക്കളധികം പേര്‍ക്ക് കൊവിഡ് ബാധയുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പിന്നാലെയാണ് മൂന്ന് മാസത്തേക്ക് ഇറാഖി സർക്കാരിന്റെ വിലക്ക്. ഇതുവരെ 772 പേര്‍ക്ക് ഇറാഖില്‍ ആകെ കൊവിഡ് ബാധിക്കുകയും 54 പേര്‍ മരിക്കുകയും ചെയ്തു എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക കണക്ക്.

പക്ഷെ പതിനായിരത്തോളം പേര്‍ക്ക് ഇറാഖില്‍ കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട്. ഇറാഖിലെതന്നെ ചില ഡോക്ടര്‍മാരുടെയും രാഷ്ട്രീയനേതാക്കളും ഇതേ സംശയം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജ്യത്തെ സാമൂഹ്യ സുരക്ഷിതത്വം അപകടപെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് റോയിട്ടേര്‍സിന് സർക്കാർ പിഴ ചുമത്തുകയും ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം തന്നെ റിപ്പോര്‍ട്ടിനു ശേഷം റോയിട്ടേര്‍സിനെ വിലക്കിയത് സര്‍ക്കാര്‍ ശരിയായ കണക്കുകള്‍ മറച്ചു വെക്കുകയാണോ എന്ന ആശങ്കയും പൊതുവെ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല, ഇറാഖിന് പുറമെ ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെയും കൊവിഡ് സംബന്ധിച്ചുള്ള കണക്കില്‍ അന്തര്‍ ദേശീയ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.