പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ദേശീയ ഗ്രിഡിന് ഭീഷണി; ആഹ്വാനം പിന്‍വലിക്കണമെന്ന് സിപിഎം

single-img
4 April 2020

കൊറോണ പ്രതിരോധ ഭാഗമായി അടുത്ത ദിവസം രാത്രി ഒന്‍പതിനു ജനങ്ങള്‍ ഒന്‍പത് മിനിട്ട് ലൈറ്റുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിന് ഭീഷണിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ.

പ്രധാനമന്ത്രി രാജ്യത്തെ ഇരുട്ടിലാക്കാന്‍ നടത്തിയ ആഹ്വാനം ഉടന്‍തന്നെ പിന്‍വലിക്കണമെന്നും പി ബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പവര്‍ഗ്രിഡില്‍നിന്നുള്ള ഊര്‍ജത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ എടുക്കുന്ന വീടുകളിലെ ലൈറ്റുകള്‍ ഒരേസമയം കൂട്ടത്തോടെ കെടുത്തിയാല്‍ എന്താണ് സംഭവിക്കുക? ഗ്രിഡിന്റെ സ്ഥിരത നഷ്ടപ്പെട്ട് അത് തകര്‍ച്ചയിലെത്തും.

തത്ഫലമായി 2012 ജൂലൈയില്‍ സംഭവിച്ചപോലെ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും ഇരുട്ടിലാകുമെന്നും , പിബി പ്രസ്താവനയില്‍ വ്യക്തമാക്കി. അത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടായാല്‍ വീണ്ടും പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ രണ്ടുമൂന്ന് ദിവസം വേണ്ടിവരുമെന്നും വൈറസിനെതിരെ നിര്‍ണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തില്‍ ഈ സ്ഥിതി രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും ഇതര ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ചിന്തിക്കേണ്ടതാണെന്നും സിപിഎം ആവശ്യപ്പെട്ടു. അതേസമയം ഗ്രിഡിനുണ്ടാകുന്ന അപകടത്തെക്കുറിച്ച് ദേശീയ-സംസ്ഥാന ഗ്രിഡുകള്‍ ഇതിനകം കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്.