ആമ, പാമ്പ്, തവള, ഉടുമ്പ്, പഴുതാര, തേരട്ട എന്നിവയെ ഇട്ട് ചാരായം വാറ്റി: `ചീരാപ്പി´ പിടിയിൽ

single-img
3 April 2020

തൃശൂര്‍-ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് സംഘങ്ങള്‍  നടത്തിയ റെയ്ഡില്‍ 400 ലീറ്റര്‍ വാഷ്, 50 കിലോ ശര്‍ക്കര, രണ്ടര ലീറ്റര്‍ സ്പിരിറ്റ്, 3 ആമകള്‍, വാറ്റ് ഉപകരണങ്ങള്‍, പൈനാപ്പിള്‍ എസന്‍സ് എന്നിവ പിടിച്ചെടുത്തു. നെന്‍മണിക്കര തലേണിക്കര സ്വദേശി ചിറപറമ്പത്ത് മാനേജിന്റെ(ചീരാപ്പി) വീട്ടിലാണ് പരിശോധന നടന്നത്. പരിശോധന നടക്കുമ്പോള്‍ ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. 

ലോക്ക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് സംഘങ്ങൾ സജീവമാകുകയാണെന്ന വാർത്തയെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. മനോജിനെതിരെ പുതുക്കാട് പൊലീസ് സ്‌റ്റേഷനില്‍ കൊലപാതകം അടക്കമുള്ള കേസുകളുണ്ടെന്നും പാമ്പ്, തവള, ഉടുമ്പ്, പഴുതാര, തേരട്ട എന്നീ ജീവികളെ ഇട്ട് വാറ്റുന്ന പതിവുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു. 

ആമകളെ വരന്തരപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി. ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍.മനോജ്, പ്രിവന്റീവ് ഓഫിസര്‍മാരായ വിന്നി സിമോത്തി, തൃശൂര്‍ റേഞ്ച് പ്രിവന്റീവ് ഒാഫിസര്‍മാരായ ശിവശങ്കരന്‍, ജയ്‌സണ്‍ ജോസ്, ടി.ആര്‍.സുനില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.എസ്.ഷിനൂജ്, ബിബിന്‍ ചാക്കോ, ഷാജി വര്‍ഗീസ്, കെ.പി.ബെന്നി, പിങ്കി മോഹന്‍ദാസ്, മനോജ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.