കൊറോണ ഞങ്ങളെ വരിഞ്ഞുമുറുക്കി കീഴടക്കിക്കൊണ്ടിരിക്കുന്നു, മറ്റു സംസ്ഥാനങ്ങളെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിക്കുക: ന്യൂയോർക്ക് ഗവർണർ

single-img
3 April 2020

ലോകത്തെ ഭീതിയിലാക്കി കോവിഡ് രോഗബാധ വ്യാപിക്കുകയാണ്. കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 93-ാം ദിവത്തേക്ക് കടക്കുമ്പോള്‍ രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 53,224 ആയി ഉയർന്നുകഴിഞ്ഞു. 181 രാജ്യങ്ങളിലായി പത്തുലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൃത്യമായ കണക്ക് 10,16,002 ആണ്. 

ഇതിൽ 37,696 പേരുടെ നില അതീവ ഗുരുതരമാണെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. 7.12 ലക്ഷം പേര്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം. 13,915 പേരാണ് മരിച്ചത്. സ്‌പെയിനില്‍ 10,348 പേരും, അമേരിക്കയില്‍ 6088 പേരും ജീവൻ വെടിഞ്ഞു. 

80,000 ലേറെ രോഗികളാണ് ന്യൂയോര്‍ക്കിലുള്ളത്. ന്യൂജഴ്‌സിയില്‍ 22,000 കവിഞ്ഞു. കലിഫോര്‍ണിയ, മിഷിഗന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗികള്‍ പതിനായിരമായി. മറ്റു സംസ്ഥാനങ്ങളില്‍ ശരാശരി അയ്യായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16,000 ന്യൂയോര്‍ക്ക് നിവാസികള്‍ മരിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ, മറ്റു സംസ്ഥാനങ്ങള്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6000 പേരാണ് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 950 പേരാണ് മരിച്ചത്. ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈന, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോള്‍ അമേരിക്ക, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിവരികയാണ്. 

ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 2,12,995 പേര്‍ക്കാണ് കോവിഡ് രോഗം ഭേദമായത്. ഏറ്റവും കൂടുതല്‍ പേര്‍ ഇതുവരെ രോഗമുക്തി നേടിയത് ചൈനയിലാണ്. 76,565 ആളുകളാണ് സുഖം പ്രാപിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തണമാക്കുന്നു.