കാസർകോട് നിന്നുള്ള ഏഴ് പേർ ഉൾപ്പടെ ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്

single-img
3 April 2020

കേരളത്തിൽ ഇന്ന് ഇന്ന് ഒൻപത് പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരിൽ കാസർകോടിൽ നിന്ന് മാത്രം ഏഴു പേരാണുള്ളത്. തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ. അതേസമയം ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി.

കണ്ണൂർ 5, കാസർകോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് ചികിത്സയിൽ രോഗം മാറിയവരുടെ കണക്ക്. ഇതുവരെ കേരളത്തിൽ 295 പേർക്കു കോവിഡ് സ്ഥിരീകരിച്ചെന്നും ഇന്ന് പോസിറ്റീവ് ആയവരുൾപ്പെടെ രോഗബാധയുണ്ടായ 206 പേർ വിദേശത്ത് നിന്ന് എത്തിയവരാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോകമാകെ കോവിഡ് രോഗം പടരുന്ന സാഹചര്യമാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ രോഗം ബാധിച്ചവർ യുഎസിലാണ്. 187302 പേർക്ക് അവിടെ രോഗം ബാധിച്ചു. 3846 പേർ മരിച്ചു. പിന്നിലുള്ള ഇറ്റലിയിൽ 110574 പേർക്കാണ് രോഗം ബാധിച്ചത്. 13157 പേർ മരിച്ചു. രോഗം വ്യാപിക്കുന്ന ഗൗരവം ന്യൂയോർക്കിന്റെ അവസ്ഥ പരിശോധിച്ചാൽ മനസ്സിലാകും.വികസന- സമ്പദ് കാര്യങ്ങളിൽ ഉയരങ്ങളിൽനിൽക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.