മഹാമാരിയിൽ നിന്നും ഇറ്റലി കരകയറും: നേപ്പിൾസിൽ തുടക്കമിട്ട ‘ സപ്പോർട്ട് ബാ‌സ്‌കറ്റ്സ് ‘ രാജ്യമാകെ പടരുന്നു

single-img
3 April 2020

കൊറോണ വൈറസ് ലോകത്ത് ഏറ്റവും കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്നത് ഇറ്റലിയിലാണ്. രാജ്യത്ത് ദിനംപ്രതി ആയിരത്തിനടുത്ത് അത് ജനങ്ങൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. ആഴ്ചകളായി ഇറ്റലി ലോക ഡൗണിലാണ്. അടച്ചുപുട്ടിയ രാജ്യത്ത് തെരുവോരങ്ങളിൽ കഴിയുന്ന ഒത്തിരി ജീവിതങ്ങളുണ്ട്. ഇവർ എന്ത് ചെയ്യുമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന സമയം കൂടിയാണിത്. 

എന്നാൽ രോഗം പിടിമുറുക്കുമ്പോഴും സഹജീവികളെ ഒന്നിച്ചു ചേർത്തു നിർത്തുന്ന നിലപാടാണ് ഇറ്റലിക്കാരുടേത്. ഇതിനു തുടക്കമിട്ടത് ഇറ്റലിയിലെ നേപ്പിൾസിലെ ജനങ്ങളാണ്. ഇവർ രൂപംനൽകിയ `സപ്പോർട്ട് ബാ‌സ്‌കറ്റ്സ് ‘  എന്ന പദ്ധതി ഇറ്റലിയിലെ മറ്റുനഗരങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നേപ്പിൾസിലെ തെരുവോരങ്ങളിൽ ഓരോ വീടിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് ഒരു ബാസ്കറ്റ് തൂക്കിയിട്ടിരിക്കുന്നത് കാണാം. ആ ബാസ്കറ്റിൽ ഒരു ചെറിയ കുറിപ്പും കാണും.’ ഒരേ വഞ്ചിയിലെ യാത്രക്കാരാണ് നമ്മൾ, നമുക്ക് പോകേണ്ടത് ഒരേ ദിശയിലേക്കും..’! തങ്ങളുടെ പക്കലുള്ള ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും അതില്ലാത്തവർക്കു കൂടി പങ്കുവയ്ക്കുകയാണ് ഇവർ. 

വീടിന്റെ ബാൽക്കണിയിൽ നിന്നും ഭക്ഷ്യ വസ്തുക്കളോട് കൂടിയ ബാസ്കറ്റുകൾ താഴേക്ക് തൂക്കിയിട്ടാണ് ഇവർ പാവപ്പെട്ടവർക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഈ രീതിക്ക് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നേപ്പിളിലെ ഒരു തെരുവിൽ ആരംഭിച്ച ഈ മുൻകരുതൽ ഇപ്പോൾ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

 ‘ സപ്പോർട്ട് ബാ‌സ്‌കറ്റ്സ് ‘ എന്ന പേരിൽ ബാൽക്കണികളിൽ തൂക്കിയിട്ടിരിക്കുന്ന ബാസ്കറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതുകണ്ട് കൂടുതൽ പേർ ഇതിനായി മുന്നോട്ട് വരുന്നുണ്ട്. പാവപ്പെട്ടവർക്കായി ആഹാരം ബാൽക്കണിയിലൂടെ താഴേക്ക് തൂക്കിയിടുന്നത് തങ്ങളുടെ തങ്ങളുടെ പ്രാചീന സംസ്കാരമാണെന്നാണ്  ഇറ്റാലിയൻ ജനത വ്യക്തമാക്കുന്നത്. 

കാലങ്ങളായി ‘ സസ്പെൻഡഡ് കോഫി ‘ എന്നൊരു പതിവ് ഇറ്റലിയിലുണ്ട്. ഇതനുസരിച്ച് കോഫി ഷോപ്പുകളിലും മറ്റുമെത്തുന്നവർ ഒരു കാപ്പി കുടിച്ച ശേഷം രണ്ട് കാപ്പിയുടെ പണം നൽകുന്നു. അധികം നൽകിയ ഈ തുകയ്ക്ക് കൈയ്യിൽ പണമില്ലാത്തവർക്ക് കടയുടമകൾ കുടിക്കാൻ കാപ്പി നൽകുന്ന രീതിയാണ്  ‘സസ്പെൻഡഡ് കോഫി ‘ . ഇറ്റലിയിലെ ഇടതുപക്ഷ തൊഴിലാളി വർഗ്ഗമാണ് ഇത്തരത്തിലൊരു പദ്ധതിക്ക് അവിടെ രൂപം നൽകിയത്