അതിർത്തി അടയ്ക്കൽ; കര്‍ണാടകയുടെ നടപടി വേദനയും മാനസിക വ്യഥയും ഉണ്ടാക്കിയതായി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ

single-img
3 April 2020

കൊറോണ വൈറസ് വ്യാപന ഭീതിയിൽ കാസർകോട് ഉൾപ്പെടെയുള്ള അതിർത്തികളിൽ റോഡുകൾ കർണാടക സർക്കാർ പൂർണ്ണമായി അടച്ച സംഭവത്തില്‍ കേരളത്തിന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പിന്തുണ.

കര്‍ണാടക സര്‍ക്കാരിന്റെ നടപടി മനുഷ്യത്വ വിരുദ്ധവും ഔചിത്വമില്ലാത്തതുമായിരുന്നു എന്നും അത് തനിക്ക് വേദനയും മാനസിക വ്യഥയും ഉണ്ടാക്കിയെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ദേവഗൗഡ പറഞ്ഞു. അതിർത്തി അടച്ച വിഷയത്തില്‍ താൻ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ദേവഗൗഡ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയായ ബി എസ് യെദിയൂരപ്പയോട് മനുഷ്യത്വപരമായ കാരണങ്ങളെ മുന്‍നിര്‍ത്തി അതിര്‍ത്തി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 31ന് ദേവഗൗഡ കത്ത് നല്‍കിയിരുന്നു. കർണാടക ബിജെപി സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഖേദമുണ്ടെന്നും പിണറായി വിജയനെഴുതിയ കത്തില്‍ പറയുന്നു.

സംസ്ഥാന ജലസേചന മന്ത്രി കെ കൃഷ്ണന്‍കുട്ടി വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ദേവഗൗഡക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം ഇന്ന് കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതിയും വ്യക്തമാക്കിയിരുന്നു.