കോവിഡ് 19 ഭേദമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി; റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു

single-img
3 April 2020

കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികൾ രോഗം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇവരെ പരിചരിച്ച് രോഗം പകര്‍ന്നിരുന്ന ആരോഗ്യ പ്രവര്‍ത്തകയും ആശുപത്രി വിട്ടു.

പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് വീട്ടിലേക്കു മടങ്ങിയത്. കൊറോണ ഭേദമാകുന്ന രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയയാളാണു തോമസ്. മുന്‍പേ തന്നെ ഇവരുടെ രോഗം ഭേദമായെങ്കിലും തുടര്‍ പരിശോധനകള്‍ക്കായി രണ്ടു ദിവസം കൂടി ആശുപത്രിയില്‍ നിർത്തുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷമാണ് ഇരുവരേയും വീട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയില്‍ പ്രവേശിപ്പിച്ച എല്ലാവരും ആശുപത്രി വിട്ടു. ആകെ അഞ്ച് പേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്.