പിടിമുറുക്കി കൊറോണ അമേരിക്കയുടെ അണ്വായുധ യുദ്ധക്കപ്പലിലും കോവിഡ്; ജീവിതത്തിനും മരണത്തിനുമിടയിൽ 4,800 സൈനികർ

single-img
3 April 2020

അമേരിക്കയെ നടുക്കി കോവിഡ് 19 പിടിമുറുക്കുകയാണ്. രോഗബാധിതരുടെ എണ്ണവും മരണനിരക്കും വലിയ തോതിൽ ഉയരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ അമേരിക്കന്‍ നാവിക സേനയുടെ ഏറ്റവും പ്രധാനപ്പെട്ട കപ്പലുകളിലൊന്നായ യുഎസ്എസ് ടെഡി റൂസവെല്‍റ്റില്‍ കൊറോണാവൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിലുള്ള 4,800 സേനാംഗങ്ങളില്‍ ഏകദേശം 100 പേര്‍ക്ക് കൊറോണാവൈറസ് ബാധിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തല്‍.

അപകടകാരികളായ ആയുധങ്ങളുള്ള കപ്പലില്‍ നിന്ന് മുഴുവന്‍ സേനാംഗങ്ങളെയും ഒഴിപ്പിക്കാനാവില്ല എന്നതാണ് അമേരിക്ക നേരിടുന്ന പ്രതിസന്ധി. ന്യൂക്ലിയര്‍ എയര്‍ക്രാഫ്റ്റ് റിയാക്ടര്‍ അടക്കമുള്ള സന്നാഹമുള്ളതാണ് ഈ കപ്പല്‍. ഇതേ തുടര്‍ന്ന് കപ്പലിലെ കമാന്‍ഡിങ് ഓഫിസര്‍ അമേരിക്കന്‍ നാവികസേനയുടെ തലവന്മാരോട് അതിവേഗം സഹായമെത്തിക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. കപ്പലിലെ 93 പേര്‍ക്ക് കൊറോണാവൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞതായി നാവികസേനയുടെ ആക്ടിങ് സെക്രട്ടറി തോമസ് മൊഡ്‌ലി അറിയിച്ചു. അമേരിക്കയുടെ മൊത്തം സൈനികരെ ബാധിച്ചിരിക്കുന്നതിന്റെ 10 ശതമാനത്തോളം വരുമത്രെ ഈ സംഖ്യ.

കൂടുതല്‍ ടെസ്റ്റ് റിസള്‍ട്ടുകള്‍ വരാനിരിക്കുകയാണ്. ഇവ എത്തുമ്പോള്‍ രോഗബാധിതരുടെ സംഖ്യ വര്‍ധിക്കുമെന്നാണ് സൂചന. കപ്പലിലെ ലക്ഷണങ്ങള്‍ കാണിച്ച 1,273 സൈനികര്‍ക്ക് ടെസ്റ്റ് നടത്തിയിരിക്കുകയാണ്. ഇതിന്റെ റിസള്‍ട്ടാണ് പ്രതീക്ഷിച്ചിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന ആയിരത്തോളം സൈനികരെ ഒഴിപ്പിച്ചു കഴിഞ്ഞു. ഗുവാം കടല്‍ത്തീരത്താണ് കപ്പലിപ്പോള്‍ നങ്കൂരമിട്ടിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ 2,700 പേരെക്കൂടെ ഒഴിപ്പിക്കാനാണ് സേന ആഗ്രഹിക്കുന്നത്.