മരണനിരക്കിൽ ഇറ്റലിയെ പിന്നിലാക്കി സ്പെയിൻ: സ്വപ്ന നഗരം മാഡ്രിഡിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു കവിഞ്ഞു

single-img
3 April 2020

കൊറോണ മഹാമാരി ലോകം കീഴടക്കി മുന്നേറുകയാണ്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. ഇതുവരെ 50,277 പേര്‍ മരിച്ചതായാണ് കണക്കുകള്‍. രോഗം പിടിപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷത്തോടടുത്തു. 

രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 13, 915 പേരാണ് മരിച്ചത്. സ്പെയിനിലും മരണസംഖ്യ പതിനായിരം പിന്നിട്ടുകഴിഞ്ഞു. വ്യാഴാഴ്ച 950 പേര്‍ മരിച്ചതായി സ്‌പാനിഷ് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സ്‌പെയിനില്‍ 1,10,238 പേര്‍ക്കാണു കോവിഡ് പോസിറ്റീവായത്. 26,743 പേര്‍ രോഗമുക്തരായി. നേരത്തേ ഒരു ദിവസത്തെ കൂടിയ മരണത്തില്‍ ഇറ്റലിയായിരുന്നു മുന്നില്‍, മാര്‍ച്ച് 27ന് 919 പേര്‍. ആ മരണനിരക്കിനെ കടത്തിവെട്ടിയുള്ള സ്‌പെയിനിന്റെ യാത്രയില്‍ ലോകരാജ്യങ്ങളും ആശങ്കയിലാണ്. 

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്– 13,115. ഇവിടെ രോഗബാധിതര്‍ 1,10,574 പേര്‍. മാര്‍ച്ച് 14 മുതല്‍ സ്‌പെയിന്‍ ലോക്ഡൗണിലാണ്. തലസ്ഥാന നഗരമായ മഡ്രിഡ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാല്‍ കൂടുതല്‍ മരണം യുഎസിലാണ് 5113 പേര്‍. യുഎസില്‍ രോഗബാധിതരുടെ എണ്ണം 2,15,357 പിന്നിട്ടു. 

ചൈന (രോഗികള്‍ 81,589, മരണം 3318), ജര്‍മനി (രോഗികള്‍ 78,983, മരണം 948), ഫ്രാന്‍സ് (രോഗികള്‍ 56,989, മരണം 4,032), ഇറാന്‍ (രോഗികള്‍ 50,468, മരണം 3160), ബ്രിട്ടന്‍ (രോഗികള്‍ 29,474, മരണം 2352) എന്നീ രാജ്യങ്ങളാണു കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലും മരിച്ചവരുടെ എണ്ണം 1000 കടന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.