ചാള്‍സ് രാജകുമാരന്‍റെ കോവിഡ് ഭേദമാക്കാന്‍ സഹായിച്ചത് ഇന്ത്യന്‍ മരുന്നുകള്‍ എന്ന് കേന്ദ്രമന്ത്രി; നിഷേധിച്ച് രാജകുമാരന്റെ വക്താവ്

single-img
3 April 2020

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് ചികിത്സയില്‍ കോവിഡ് ഭേദമാക്കാന്‍ സഹായിച്ചത് ഇന്ത്യയില്‍ നിന്നുള്ള ആയുര്‍വേദ-ഹോമിയോപ്പതി മരുന്നുകളാണെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക്. ബെംഗളൂരുവിലുള്ള ആശുപത്രിയില്‍നിന്ന് അയച്ചുകൊടുത്ത മരുന്നുകളായിരുന്നു ചാള്‍സ് രാജകുമാരന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചത്.

ചികിത്സാ കാലത്ത് ഈ മരുന്ന് ഉപയോഗിച്ചതിലൂടെയാണ് കൊവിഡ് പോസിറ്റീവായ ചാള്‍സ് രോഗ മുക്തനായി തിരിച്ചെത്തിയതെന്നും ശ്രീപാദ് നായിക് പറഞ്ഞു. അതേസമയം ഈ വാദത്തിനെതിരായ നിലപാടാണ് ചാള്‍സ് രാജകുമാരന്റെ വക്താവ് പറഞ്ഞത്. “നിങ്ങള്‍ പറയുന്ന ഈ വിവരം ശരിയല്ല. ചാള്‍സ് രാജകുമാരന്‍ പിന്തുടര്‍ന്നത് ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നല്‍കിയ മെഡിക്കല്‍ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.” – എന്നായിരുന്നുചാള്‍സ് രാജകുമാരന്റെ വക്താവ് പ്രതികരിച്ചത്.

മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഹോമിയോ മരുന്നുകള്‍ക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നാണ് കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റര്‍നാഷനല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഐസക് മത്തായി പറയുന്നത്.ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയര്‍മാന്‍ എന്ന നിലയിലും ചാള്‍സ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ലെന്ന് പറഞ്ഞ ഡോക്ടര്‍ ചികിത്സയുടെ വിശദാംശങ്ങള്‍ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ടെന്നും വ്യക്തമാക്കി.ദേശീയ തലത്തില്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.