ഷാഹിദ് അഫ്രീദിയും സയീദ് അൻവറും അടക്കം 214 രാജ്യങ്ങളിലായി 100 കോടി അനുയായികൾ, യൂസഫ് യുഹാനയ്ക്ക് മതം മാറുവാനുള്ള സ്വാധീനം: എന്താണ് തബ്ലീഗി ജമാഅത്ത്?, ആരാണ് മൗലാന സാദ്?

single-img
2 April 2020

കോവിഡ് -19 രാജ്യത്ത് വ്യാപിക്കന്നതിൽ തബ്ലീഗി ജമാഅത്ത് സമ്മേളനം വലിയ പങ്കാണ് വഹിച്ചതെന്നു അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു. ഈ വിഷയേ സമൂഹ ശ്രദ്ധയിൽ വന്നതോടെ തബ്ലീഗി ജമാഅത്ത് സംഘടന രാജ്യത്ത് ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു. അതിനൊപ്പം സംഘടനയുടെ തലവൻ മൗലാന സാദ് കാന്ധൽവിയും. 

പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കരുതെന്നും കോവിഡ് -19 പൊട്ടിപ്പുറപ്പെടാതിരിക്കാൻ സാമൂഹിക അകലം പാലിക്കരുതെന്നുമുള്ള  സർക്കാർ ഉത്തരവുകൾ ലംഘിച്ചതിന് സാദിനെതിരെ കേസെടുത്തിരിക്കുകയാണ്. നിസാമുദ്ദീൻ വെസ്റ്റിൽ ഈ മാസമാദ്യം വൻ മത സമ്മേളനത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിലാണ് പുരോഹിതനെതിരെ ദില്ലി പോലീസ് കേസെടുത്തത്. 

ആരാണ് മൗലാന സാദ്?

1965 മെയ് 10 നാണ് നിലവിൽ തബ്ലീഗി ജമാഅത്തിൻ്റെ അമീറായ മൗലാന മുഹമ്മദ് സാദ് ജനിച്ചത്. തബ്ലീഗി ജമാഅത്തിന്റെ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനാണ് ഇദ്ദേഹം. ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ ജീവിതകാലത്തുണ്ടായിരുന്ന ആചാരങ്ങൾ, വസ്ത്രധാരണം, വ്യക്തിപരമായ പെരുമാറ്റം എന്നിവയിലേക്ക് ഇന്നത്തെ മുസ്ലീങ്ങൾ മാറണമെന്ന ആവശ്യപ്പെടുന്ന ഒരു ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ് തബ്ലീഗി ജമാഅത്ത്. 1927 ൽ ഇന്ത്യയിലെ മേവത്ത് മേഖലയിലെ മുഹമ്മദ് ഇല്യാസ് അൽ കാന്ധൽവിയാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. പ്രവാചകൻ്റെ പള്ളിയിലും ആഷാബസ് സഫാ തബ്ലിഗിലും നടക്കുന്ന മത വിദ്യാഭ്യാസത്തിനും ആചാരങ്ങൾക്കും അനുസൃതമായാണ് സഭ സ്ഥാപിച്ചിരിക്കുന്നത്.  

2015 നവംബർ 16 നാണ് മൗലാന സാദ് തബ്ലീഗി ജമാഅത്തിൻ്റെ അമീറായി ചുമതലയേൽക്കുന്നത്. നിസാമുദ്ദീൻ മർകസിലെ മദ്രസയായ കാശിഫ് ഉൽ ഉലൂമിൽ നിന്നാണ് അദ്ദേഹം മതവിദ്യാഭ്യാസം നേടിയത്. 

മൗലാന സാദിന് മൂന്നു ആൺമക്കളും മൂന്നു പെൺമക്കളുമാണുള്ളത്. ഹസ്രത്ത് നിസാമുദ്ദീൻ ബസ്തിയിലെ മർകസിന് പുറമെ ദില്ലിയിലെ സാക്കിർ നഗറിലും യുപിയിലെ കാന്ധ്‌ലയിലും അദ്ദേഹത്തിന് വസതികളുണ്ട്.

1995 മുതൽ 2015 വരെ തബ്ലീ ജമാഅത്തിന്റെ ‘ഷൂറ’ (സെൻട്രൽ കൺസൾട്ടേറ്റീവ് കൗൺസിൽ) അംഗം കൂടിയായിരുന്നു മൗലാന സാദ്. തബ്ലീഗി ജമാഅത്തിന്റെ കേന്ദ്ര ഉപദേശക സമിതിയാണ് അമീറിനെ തിരഞ്ഞെടുക്കുന്നത്. ജമാഅത്തിലെ മറ്റുള്ളവരെ നിയമിക്കുന്നതും ഉപദേശക സമിതി തന്നെ. 

ആദ്യത്തെ അമീർ മൗലാന മുഹമ്മദ് ഇല്യാസ് കാന്ധൽവി ആയിരുന്നു, പിന്നീട് മക്കളായ മൗലാന മുഹമ്മദ് യൂസഫ് കാന്ധൽവി, തുടർന്ന് മൗലാന ഇനാം ഉൽ ഹസൻ എന്നിവർ ചുമതലയേറ്റു. 

ഈ ഗ്രൂപ്പിലെ സുബൈർ ഉൽ ഹസ്സൻ കാന്ധ്‌ലവി ഉൾപ്പെടെ ഭൂരിഭാഗം പണ്ഡിതന്മാരും കഴിഞ്ഞ 20 വർഷത്തിനിടെ അന്തരിച്ചിരുന്നു. 2015 നവംബർ 16 ന് റൈവിന്ദ് മർകാസിൽ ഒരു യോഗം ചേരുകയും ഒഴിവുകൾ നികത്തുന്നതിനായി മുഹമ്മദ് അബ്ദുൽ വഹാബ് ഉൾപ്പെടെ 13 അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ ഷൂറ കമ്മിറ്റി രൂപീകരിക്കുകയുമായിരുന്നു. 

എന്നാൽ മൗലാന സാദ് കാന്ധ്‌ലവി ഈ ഷൂറയോട് യോജിക്കുന്നില്ല, തബ്ലീഗി ജമാത്തിന്റെ തലവനായി സ്വയം പ്രഖ്യാപിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. . തബ്ലീഗി ജമാഅത്തിലെ നിസാമുദ്ദീൻ മർകസ് വിഭാഗത്തെയാണ് അദ്ദേഹം നയിക്കുന്നത്. 

56 കാരിയായ മൗലാന സാദിന് 214 രാജ്യങ്ങളിലായി ഏകദേശം 100 കോടി അനുയായികളുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം പ്രസ്ഥാനം കൂടിയാണ് തബ്ലീഗി ജമാഅത്ത്.  തബ്ലീഗി ജമാഅത്തിന്റെ അനുയായികളിൽ ഭൂരിഭാഗവും ദക്ഷിണേഷ്യയിലാണ് താമസിക്കുന്നത്.

തബ്ലീഗി ജമാഅത്തിൻ്റെ അനുയായികൾ

തബ്ലീഗി ജമാഅത്തിൽ അംഗത്വത്തിന് പ്രത്യേക മാനദണ്ഡങ്ങളില്ല. എന്നിരുന്നാലും ഇന്ത്യയിലെയും ലോകത്തിലെയും പ്രശസ്തരായ നിരവധി വ്യക്തികൾ  ഈ ജമാഅവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുൻ രാഷ്ട്രപതി സാക്കിർ ഹുസൈനും തബ്ലീഗി ജമാഅത്തുമായി ബന്ധമുള്ളയാളാണ്. 

പാകിസ്താൻ പഞ്ചാബ് പ്രവിശ്യയിലെ മുൻ മുഖ്യമന്ത്രി പർവേസ് ഇലാഹിയും തബ്ലീഗി ജമാഅത്തിന്റെ ശക്തമായ പിന്തുണക്കാരനാണ്. പാകിസ്താനിലെ ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന തബ്ലീഗി ജമാഅത്തിലെ പ്രമുഖ അംഗമാണ് മൗലാന താരിഖ് ജമീൽ. അടുത്തിടെ അദ്ദേഹം പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കണ്ടത് വാർത്താപ്രാധാന്യം നേടിയിരുന്നു. 

പാകിസ്താൻ ഗായകനും പോപ്പ് താരവുമായ ജുനൈദ് ജംഷെദിനും തബ്ലീഗി ജമാഅവുമായി അടുത്ത ബന്ധമുണ്ട്. തബ്ലീഗി ജമാഅത്തുമായുള്ള ബന്ധം വർദ്ധിച്ചതിനാലാണ് അദ്ദേഹം പ്രൊഫഷണൽ ഗാനരംഗത്തു നിന്നും പിന്മാറിയതും. 

ഷാഹിദ് അഫ്രീദി, മുഹമ്മദ് യൂസഫ് (മുമ്പ് യൂസഫ് യുഹാന), സക്ലെെൻ മുഷ്താഖ്, ഇൻസമാം-ഉൽ-ഹഖ്, മുഷ്താഖ് അഹമ്മദ്, സയീദ് അൻവർ, സയീദ് അഹമ്മദ് എന്നിവരുൾപ്പെടെ പാക്കിസ്ഥാൻ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങൾക്ക് തബ്ലീഗി ജമാഅവുമായി വളരെ അടുത്ത ബന്ധമുണ്ട്. മുഹമ്മദ് യൂസഫ് ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത് തബ്ലീഗി ജമാഅത്തിന്റെ സ്വാധീനമായിരുന്നു. 

മൗലാന സാദിനെതിരെയുള്ള കേസുകൾ: 

സാമൂഹിക, രാഷ്ട്രീയ, മതപരമായ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മർകസിൻ്റെ നടത്തിപ്പിനെക്കുറിച്ചുള്ള സർക്കാർ ഉത്തരവുകൾ ലംഘിച്ചതിന് എപിഡെമിക് ഡിസീസ് ആക്റ്റ്, ഇന്ത്യൻ പീനൽ കോഡിലെ മറ്റ് വകുപ്പുകൾ പ്രകാരം നിസാമുദ്ദീൻ സെന്ററിലെ മൗലാന സാദിനെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. 

ദില്ലി പോലീസ് ഡോ. സീഷൻ, മുഫ്തി ഷെഹ്സാദ്, മുഹമ്മദ് അഷ്‌റഫ്, സൈഫി യൂനുസ്, മുഹമ്മദ് സൽമാൻ – ഷൂറയിലെ മറ്റ് അംഗങ്ങൾ എന്നിവരെയും ഡൽഹി പൊലീസ് എഫ്‌ഐ‌ആറിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.