പിണറായി വിജയൻ മാപ്പു പറയണം: തബ്‌ലീഗ് സമ്മേളനത്തില്‍ പോയവർ അസുഖമുണ്ടെന്നു കരുതി പോയതല്ലെന്നു രമേശ് ചെന്നിത്തല

single-img
2 April 2020

ഡോക്ടര്‍മാരുടെ കുറിപ്പടി അനുസരിച്ച് മദ്യം വീട്ടിലെത്തിക്കാനുളള സര്‍ക്കാരിന്റെ തീരുമാനം കേരള ജനതയോടുളള വെല്ലുവിളിയായിരുന്നുവെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സ്റ്റേ ചെയ്ത് കൊണ്ടുളള ഹൈക്കോടതിയുടെ ഇടപെടലിലൂടെ സമൂഹത്തെയും സംസ്ഥാനത്തെയും രക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്ത് ഒരിടത്തും കേള്‍ക്കാത്ത നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ വേട്ടയാടാനുളള ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആര്‍ക്കും അസുഖം വരാം. അവിടെ അസുഖം ഉണ്ട് എന്ന് കരുതി അവിടേയ്ക്ക് പോയതല്ല. ഒറ്റപ്പെടുത്തി അക്രമിക്കാനും ക്രൂരമായി പരിഹസിക്കാനുമുളള നീക്കത്തില്‍ നിന്ന് മാറിനില്‍ക്കണം. ഇതിനെ വര്‍ഗീയമായി ചിത്രീകരിക്കാനുളള നീക്കം അപകടകരമാണ്. ഇതില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇന്നലെ മുതല്‍ ആരംഭിച്ച സൗജന്യ റേഷന്‍ വിതരണം അവതാളത്തിലെന്നഒം ചെന്നിത്തല വിമര്‍ശിച്ചു. കിട്ടി കൊണ്ടിരിക്കുന്ന അരിയല്ലാതെ കൂടുതലായി ഒന്നും നല്‍കുന്നില്ല. പല റേഷന്‍ കടകളിലും സ്റ്റോക്കില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. വെളള കാര്‍ഡുകാര്‍ക്ക് ആണ് 15 കിലോ അരി സൗജന്യമായി നല്‍കുന്നത്. ഇവരില്‍ പലരും റേഷന്‍ കടയില്‍ പോകാത്തവരാണെന്നും ചെന്നിത്തല പറഞ്ഞു.