കോവിഡ് പരിശോധനയ്ക്ക് വന്ന ഡോക്ടര്‍മാർ ഉൾപ്പെടുന്ന സംഘത്തെ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു: സംഭവം ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത്

single-img
2 April 2020

കോവിഡ് പരിശോധനയ്ക്ക് വന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തെയും മുനിസിപ്പല്‍ ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ ആക്രമിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മധ്യപ്രദേശില്‍ ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലമാണ് ഇന്‍ഡോര്‍. 

കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് അറിയാന്‍ വീടുകളില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് കുപിതരായ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചത്. ഇതില്‍ രണ്ട് വനിത ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. പൊലീസ് എത്തിയാണ് ഇവരെ അക്രമണകാരികളില്‍ നിന്ന് രക്ഷിച്ചത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രകോപിതരായ പ്രദേശവാസികളുടെ കല്ലെറില്‍ നിന്ന് രക്ഷപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഓടുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

നൂറിലധികം ആളുകള്‍ തടിച്ചുകൂടിയാണ് ഇവരെ ആക്രമിച്ചത്. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം ചൊരിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കല്ലിന് പുറമേ വടിയെറിഞ്ഞുമായിരുന്നു ആക്രമണം. സമാനമായ സംഭവം ഹൈദരാബാദിലും അരങ്ങേറിയിരുന്നു.