അതിർത്തി തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും; രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി കാസർകോട് ഒരുക്കണമെന്ന് ബിജെപി എംപി

single-img
2 April 2020

കേരളാ- കർണാടക അതിർത്തി തങ്ങൾ തുറക്കില്ലെന്ന് ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ. ഏതെങ്കിലും കാരണത്താൽ അതിർത്തി തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ രോഗികൾക്ക് ആവശ്യമായ സൗകര്യം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് തന്നെ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഈ സമയം തന്നെ കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കി.

അധികാര പരിധിയിലെ മുഴുവൻ ആശുപത്രികൾക്കും ഇതുസംബന്ധിച്ച് അദ്ദേഹം നിർദ്ദേശം നൽകി. കൊറോണക്കെതിരെയുള്ള മുൻകരുതൽ നടപടിയാണ് ഇതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന വിശദീകരണം.നിലവിൽ മംഗളൂരുവിൽ കർണാടക റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റോഡുകളിൽ ഇരുചക്ര വാഹനങ്ങൾ അടക്കം ഒരു വാഹനവും പുറത്തിറക്കരുതെന്നാണ് നിർദേശം. എന്തെങ്കിലും വൈദ്യ സഹായം ആവശ്യമുള്ളവർക്ക് പൊലീസ് ആംബുലൻസ് എത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.