ഡോക്ടറുടെ കുറിപ്പോടെ മദ്യം: ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം- വെൽഫെയർ പാർട്ടി

single-img
2 April 2020

തിരുവനന്തപുരം: ഡോക്ടർമാരുടെ കുറിപ്പനുസരിച്ച് മദ്യം വ്യക്തികൾക്ക് വീട്ടിലെത്തിച്ച് നർകാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

അമിത മദ്യാസക്തിയുള്ളവർക്ക് മരുന്നായി മദ്യം നൽകിയാൽ ആസക്തി കുറയുമെന്ന വാദമുന്നയിച്ചാണ് സർക്കാർ ഇത്തരം വിചിത്രമായ ഉത്തരവിറക്കിയത്. ഒരു ശാസ്ത്രീയ പിൻബലവും ഇല്ലാത്ത തീരുമാനം ആണ് സർക്കാർ എടുത്തത്. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ പ്രവർത്തകരും എതിർത്തിട്ടും മദ്യം നൽകും എന്ന വാശിയാണ് ഉത്തരവിറക്കി സർക്കാർ പ്രദർശിപ്പിച്ചത്.

സർക്കാറിന്റെ ഈ വാശിക്കുള്ള ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇത് മുന്നിൽ വെച്ച് വിവേകപൂർവ്വം തീരുമാനം എടുക്കാൻ സർക്കാരിനാകണം.

മദ്യാസക്തി ഒരു രോഗമാണ്. അതിന് ചികിത്സ മദ്യം നൽകലല്ല. വിമുക്തി കേന്ദ്രങ്ങൾ വഴി മദ്യാസക്തിയുള്ളവർക്ക് ശാസ്ത്രീയ ചികിത്സ നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. മദ്യവർജ്ജനം സർക്കാർ നയമായി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ നാല് വർഷവും മദ്യം വ്യാപിപ്പിക്കുകയുമാണ് ഇടത് സർക്കാർ ചെയ്തത്.

ഈ ലോക്ഡൗൺ കാലത്ത് പോലും മദ്യം സുലഭമാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്. സർക്കാരിന്റെ തെറ്റായ ഈ സമീപനം തിരുത്തണം. മദ്യാസക്തിയും അതോടനുബന്ധിച്ചുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾക്കും മെച്ചപ്പെട്ട ചികിൽസ നൽകി മദ്യാസക്തി ഉള്ളവരെ അതിൽ നിന്ന് രക്ഷിക്കാനാണ് സർക്കാർ തയ്യാറാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.