ലോക്ക് ഡൗൺ പ്രഖ്യാപിച്ച ‘മോദിയാണ് താരം’; നവജാത ശിശുവിന് ‘ലോക്ക് ഡൗൺ’ എന്ന് പേര് നല്‍കി മാതാപിതാക്കള്‍

single-img
2 April 2020

ലക്നൗ: രാജ്യം കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 21 ദിവസം ലോക്ക് ഡൗണിലായിരിക്കവേ ഉത്തര്‍പ്രദേശിൽ നിന്നും രസകരമായ വാർത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി നവജാത ശിശുവിന് ‘ലോക്ക് ഡൗൺ’ എന്ന് പേര് നല്‍കിയിരിക്കുകയാണ് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് വേറിട്ട സംഭവം. സ്വന്തം താത്പര്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ദേശീയ താത്പര്യത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് കുട്ടിക്ക് ഈ പേരുനല്‍കിയതെന്ന് പിതാവ് പവന്‍ പറയുന്നു.

‘രാജ്യത്ത് ലോക്ക് ഡൗൺ പുരോ​ഗമിക്കുന്നതിനിടെയാണ് അവൻ ജനിച്ചത്. ജനങ്ങളെ രക്ഷിക്കാന്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായാണ് മകന് ഈ പേരുനല്‍കിയത്. ദേശീയ താത്പര്യം സംരക്ഷിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതിനാല്‍ കുട്ടിക്കും ലോക്ക് ഡൗൺ എന്ന പേരുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു’ – പവന്‍ പറയുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താനും കുടുംബം വീട്ടില്‍ തന്നെ കഴിയുകയാണ്. ഇത് കഴിയുന്നതുവരെ വീട്ടിലേക്ക് ആരും വരരുതെന്ന് ബന്ധുക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പവന്‍ പറയുന്നു. കുട്ടി ജനിച്ചതിന്റെ ആഘോഷ പരിപാടികള്‍ ലോക്ക് ഡൗൺ കഴിയുന്നതുവരെ നീട്ടിവെച്ചിരിക്കുകയാണെന്നും പവന്‍ അറിയിച്ചു.