കൊവിഡ് 19 എന്നൊരു വൈറസില്ല മറ്റ് രാജ്യങ്ങളുടെ മതിഭ്രമം; ‘മോഹനൻ വൈദ്യനെ വെല്ലുന്ന’ പ്രസ്താവനയുമായി ഒരു രാഷ്ട്രപതി

single-img
2 April 2020

മോസ്കോ: കൊറോണ എന്നൊരു വൈറസില്ലെന്നും ആഗോളതലത്തില്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകളും ഭീതിയുമെല്ലാം വെറും ഭ്രാന്താണ് എന്നാണ് ബെലാറസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെന്‍കോ. രാജ്യത്ത് കൊവിഡ് 19 ബാധ തടയാനുള്ള മുന്‍കരുതല്‍ എന്തൊക്കെയാണ് എന്ന് ചോദ്യത്തിന് മറുപടിയാണ് വൈറസ് ബാധയെന്നത് മതിഭ്രമം എന്ന് പ്രസിഡന്‍റ് പറഞ്ഞത്. ലോക വ്യാപകമായി കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിരവധിപ്പേര്‍ കൊവിഡ് 19 മൂലം മരിച്ചു വീഴുകയും ചെയ്യുമ്പോഴാണ് വിവരദോഷ പ്രസ്താവന ബെലാറസ് പ്രസിഡന്റ് നടത്തിയിരിക്കുന്നത്. സുപ്രധാന പദവി വഹിക്കുന്ന ഒരാളിൽ നിന്നും ഇങ്ങനൊരു വിവരം പങ്കു വയ്ക്കപ്പെടുമ്പോൾ സന്തോഷം കേരളത്തിലെ വ്യാജ വൈദ്യന്മാർക്കും ഇന്ത്യയിലെ ഗോ സർവകലാശാലകൾക്കുമാണെന്നത് മറ്റൊരു കാര്യം.

മുട്ടുകളില്‍ ഇഴഞ്ഞ് ജീവിക്കുന്നതിലും നല്ലത് സ്വന്തം കാലുകളില്‍ നിന്ന് മരിക്കുന്നതാണെന്നാണ് ശനിയാഴ്ച നിറഞ്ഞ ആള്‍ക്കൂട്ടതിന് മുന്നില്‍ ഐസ് ഹോക്കി കളിക്കാനെത്തിയ അലക്സാണ്ടര്‍ ലുകാന്‍ഷെ പറഞ്ഞത്. താന്‍ ഹോക്കി കളിക്കുന്നത് നിര്‍ത്തിക്കാന്‍ കൊറോണ വൈറസിന് സാധിക്കുമോയെന്നും അലക്സാണ്ടര്‍ ചോദിക്കുന്നു. വൈറസിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചതോടെ ഇവിടെ വൈറസ് ഒന്നുമില്ല. ഈ ഗാലറികള്‍ കാണുന്നില്ലേ ഇതൊരു റഫ്രിജറേറ്ററാണ്. ഇതില്‍ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ചെയ്യാനുള്ളത് ഹോക്കി കളിക്കുകയെന്നാണെന്നും അലക്സാണ്ടര്‍ പറയുന്നു. ഐസ് ഹോക്കി കളിക്കുന്നതിനേക്കാളും മികച്ച ഒരു പ്രതിവിധിയില്ലെന്നും ബെലാറസ് പ്രസിഡന്റ് പറയുന്നത്.

ഇതിനോടകം 152 കൊറോണ വൈറസ് കേസുകളാണ് ബെലാറസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നേരത്തെ കാര്യങ്ങള്‍ കൈവിട്ട് പോയിട്ടില്ലെന്നും വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്നും അവകാശപ്പെട്ടിരുന്ന അയല്‍ രാജ്യമായ റഷ്യയില്‍ തിങ്കളാഴ്ച മാത്രം സ്ഥിരീകരിച്ചത് 1836 കൊറോണ വൈറസ് കേസുകളാണ്. രണ്ടാഴ്ച മുന്‍പ് വോഡ്കയും സോണ ബാത്തും കൊറോണ വൈറസിനെ തുരത്തുമെന്ന അലക്സാണ്ടറിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

25 വര്‍ഷത്തിലേറെയായി ബെലാറസിന്‍റെ പ്രസിഡന്‍റാണ് അലക്സാണ്ടര്‍. എതിര്‍ ശബ്ദങ്ങളെ രൂക്ഷമായി അടിച്ചൊതുക്കിയാണ് അലക്സാണ്ടറുടെ ഭരണമെന്നാണ് വ്യാപക പരാതി. ആഗോളതലത്തില്‍ വൈറസിനെതിരായ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി പരിഹസിച്ച് കൊണ്ടിരിക്കുന്ന നേതൃത്വം കൂടിയാണ് അലക്സാണ്ടര്‍ ലുകാന്‍ഷെയുടേത്. മാര്‍ച്ച് ആദ്യവാരമുതല്‍ തന്നെ കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതിന് ബെലാറസ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.