അന്യസംസ്ഥാനത്തു നിന്നും നാട്ടില്‍ തിരിച്ചെത്തിയ കാര്യം അധികൃതരെ അറിയിച്ചു; സൈനികന്‍ യുവതിയെ വെടിവെച്ചു കൊന്നു

single-img
2 April 2020

ഇതര സംസ്ഥാനത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്തിയ കാര്യം അധികൃതരെ അറിയിച്ചതില്‍ പ്രകോപിതനായ സൈനികന്‍ യുവതിയെ വെടിവെച്ചു കൊന്നു.ഉത്തര്‍പ്രദേശിലെ അലിപൂരിലാണ് സംഭവം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയവരുടെ പട്ടികയില്‍ സൈനികൻ്റെ കുടുംബത്തിന്റെ പേരും ചേര്‍ത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനികനായ ശൈലേന്ദ്രയാണ് സ്ത്രീക്ക് നേരെ നിറയൊഴിച്ചത്.  അടുത്തിടെയാണ് ഇദ്ദേഹം കൊല്‍ക്കത്തയില്‍ നിന്ന് തിരിച്ച് നാട്ടില്‍ എത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബംഗാളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയവരുടെ പട്ടികയില്‍ സൈനികന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

പട്ടികയില്‍ പേരു ചേര്‍ത്ത വിനയ് യാദവിനോട് പ്രതികാരം ചെയ്യാന്‍ ശൈലേന്ദ്രയും മറ്റു മൂന്നുപേരും ചേര്‍ന്നു വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ നിര്‍ദേശപ്രകാരമാണ് വിനയ് യാദവ് പട്ടിക തയ്യാറാക്കിയത്. 

വിനയ് യാദവിനെ ആക്രമിക്കുന്നത് കണ്ട് സഹോദരന്‍ ദിനേശും സഹോദരന്റെ ഭാര്യയും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. അതിനിടെ ശൈലേന്ദ്രയുടെ തോക്കില്‍ നിന്നുളള വെടിയേറ്റാണ് 36കാരിയായ സന്ധ്യ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.