ചില ലോക്ക്ഡൗൺ കാല വികൃതികൾ; കൊല്ലത്ത് യൂട്യൂബ് നോക്കി ചാരായം വാറ്റിയ യുവാവ് പിടിയിൽ

single-img
1 April 2020

കൊല്ലം: കൊല്ലത്ത് മദ്യം ലഭ്യമാകാത്ത സാഹചര്യത്തെ മറികടക്കാൻ ചാരായം വാറ്റിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര ക്ഷേത്രത്തിനു സമീപം ഗൗരി വിലാസത്തില്‍ ചന്ദ്രലാലാണ് പിടിയിലായത്. യൂട്യൂബ് വീഡിയോയില്‍ വാറ്റുന്നത് കണ്ടുപഠിച്ചാണ് ഇയാൾ വീട്ടില്‍ ചാരായമുണ്ടാക്കി വിറ്റിരുന്നത്.

പ്രദേശത്ത് ചാരായം സുലഭമാണെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റ്. മൂന്ന് ദിവസം ചന്ദ്രലാല്‍ ഭാര്യയെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ യൂട്യൂബ് വീഡിയോ കണ്ടായിരുന്നു വാറ്റ് ഉപകരണങ്ങള്‍ നിര്‍മിച്ചതും ചാരായം വാറ്റിയതുമെന്ന് പൊലീസ് പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അടച്ചുപൂട്ടലിൽ മദ്യവിൽപനശാലകളും പൂട്ടിയതോടെ പ്രതിസന്ധിയിലായത് സ്ഥിരം മദ്യപാനികളാണ്. ഈ സാഹചര്യത്തെ നേരിടാനാകാതെ പലരും ആത്മഹത്യ ചെയ്യുകയും ഉണ്ടായി.