ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്ക് ഹംഗറി: കൊറോണയുടെ മറവിൽ പ്രധാനമന്ത്രി അധികാരം കെെയാളി

single-img
1 April 2020

കൊറോണ വെെറസ് ബാധ മുതലാക്കി രാജ്യത്തെ അധികാരം മുഴുവൻ കൈക്കലാക്കി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ. കൊറോണ വെെറസ് ബാധ ലോകമെങ്ങും പടർന്നു പിടിച്ച സാഹചര്യത്തിലാണ് നിയമം മാറ്റിയെഴുതി രാജ്യത്തിന്റെ അധികാരം മുഴുവൻ തന്നിലേക്ക് ചുരുക്കിയത്. സവിശേഷ അധികാരങ്ങൾ പ്രധാനമന്ത്രിക്ക് നൽകി പാർലമെന്റ് നിയമം പാസാക്കിക്കഴിഞ്ഞു. 

‘ആന്റി കൊറോണാവൈറസ് ഡിഫൻസ് ലോ’ എന്ന നിയമമാണ് പാർലമെൻ്റിൽ പാസാക്കിയത്. കൊറോണ കാരണം മാർച്ച് 11 ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനു  പുറമെയാണ് പുതിയ നിയമം. ഇതോടെ അടിയന്തരാവസ്ഥ നീട്ടാൻ പാർലമെന്റിന്റേയോ മറ്റോ അനുവാദം പ്രധാനമന്ത്രി വിക്ടർ ഒർബാന് വേണ്ട. 

സ്വേച്ഛാധിപതിയെന്നാണ് സ്വന്തം പാർട്ടിക്കാർ പോലും ഒർബാനെ വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുകളില്ലാതെ അധികാരത്തിൽ തുടരാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. എന്നാൽ എന്തും ചെയ്യാമെന്ന് വിചാരിക്കേണ്ടെന്നാണ് ഒർബാന് യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ്.

എന്നാൽ ആശങ്കകൾ അനാവശ്യമാണെന്നും കോറോണ ഭീതി അകന്നാൽ അധികാരം തിരികെ നൽകുമെന്നാണ് ഓർബാന്റെ ന്യായം. പുതിയ നിയമം കോവിഡിനെ നേരിടാനാണെന്നും പ്രധാനമന്ത്രി പറയുന്നു.

‘ആന്റി കൊറോണാവൈറസ് ഡിഫൻസ് ലോ’ എന്ന നിയമം മൂലം ഇല്ലാതാകുന്നത് ഒരു രാജ്യത്തെ ജനാധിപത്യമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ നിയമം കൂടി വരുന്നതോടെ അധികാരം പൂർണമായും പ്രധാനമന്ത്രി ഓർബാന്റെ കൈപ്പിടിയിൽ ഒതുങ്ങുകയാണ്. ഈ നിയമത്തോടെ നിലവിലുള്ള അടിയന്തരാവസ്ഥ എത്രകാലം തുടരാനും ഓർബാന് സാധിക്കും. അതിന് പാർലമെന്റിന്റെയോ എംപിമാരുടെയോ സമ്മതം ആവശ്യമില്ല. അടിയന്തരാവസ്ഥക്കാലം തീരും വരെ തെരഞ്ഞെടുപ്പുകളും പാടില്ല.