പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 500 കോടി രൂപ, കേരളത്തിൽ അടിയന്തര സേവന വാഹനങ്ങൾക്ക് സൗജന്യമായിഇന്ധനം;കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ വിവിധ മേഖലകളിൽ സഹായവുമായി റിലയൻസ്, നന്ദി പറഞ്ഞ് പ്രധാനമന്ത്രി;

single-img
1 April 2020

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെയർമാൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി നന്ദി പറഞ്ഞത്.

‘കോവിഡ് 19നെതിരായ പോരാട്ടത്തിൽ റിലയൻസ് മികച്ച സംഭാവനയാണ് നൽകുന്നത്. ആരോഗ്യ രംഗത്തായാലും ജനങ്ങള്‍ക്ക് സഹായം ഒരുക്കുന്ന കാര്യത്തിലായാലും അവർ നന്നായി പ്രവർത്തിക്കുന്നു. കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള പരിശ്രമത്തിനുള്ള പ്രധാനമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് സംഭാവന നൽകിയ മുകേഷ് അംബാനിക്കും നിത അംബാനിക്കും ഞാൻ നന്ദി പറയുന്നു’- എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് 500 കോടി രൂപ സംഭാവനയായി നൽകിയിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകൾക്ക് അഞ്ച് കോടി രൂപ വീതം നേരത്തെ നൽകിയിരുന്നു. സാമ്പത്തിക സഹായം കൂടാതെ കൊറോണയെ പ്രതിരോധിക്കാൻ പല വിഭാഗങ്ങളിലായി റിലയൻസ് കുടുംബം രംഗത്തുണ്ട്.

കൊറോണ ചികിത്സയ്ക്കായി 100 ബെഡുള്ള ആശുപത്രി മുംബൈയിൽ റിലയൻസ് തയ്യാറാക്കിയിരുന്നു. മുംബൈയിലെ റിലയൻസ് ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് ഇത്തരത്തിൽ മാറ്റിയത്. രാജ്യത്ത് തന്നെ കോറോണ ചികിത്സയ്ക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന ആദ്യ ആശുപത്രിയാണ് ഇത്.

കൂടാതെ ലോക്ക് ഡൌൺ പുരോഗമിക്കുന്നതിനിടെ നിരവധിപേർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയും റിലയൻസ് ഏറ്റെടുത്തു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ 50 ലക്ഷം പേർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയും ആരംഭിക്കും. ആരോഗ്യ മേഖലയിലുള്ളവർക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കുമായി ഒരു ലക്ഷം മാസ്ക്കുകൾ പ്രതിദിനം നിർമ്മിച്ചു നൽകുകയും ചെയ്യുന്നുണ്ട്. ആരോഗ്യമേഖലയിലുള്ളവർക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കുമായി സെൽഫ് പ്രൊട്ടക്ഷൻ ഉപകരണങ്ങളും നൽകുന്നുണ്ട്.

കേരളത്തിലെ കോവിഡ്19 രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങൾക്ക് ദിവസേന 50 ലിറ്റർ ഇന്ധനം റിലയൻസ് സൗജന്യമായി നൽകും. ഈ സേവനം എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 12 ജില്ലകളിലുള്ള 37 റിലയൻസ് പമ്പുകളിൽനിന്നാണ് കോവിഡ് 19 രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് സൗജന്യമായി ഇന്ധനം നൽകുന്നത്. ജില്ലാ ഭരണകൂടമോ, ആരോഗ്യ വകുപ്പോ, പോലീസ് വകുപ്പോ നൽകിയ അംഗീകാരപത്രം ഏതു റിലയൻസ് പെട്രോൾ പമ്പിൽ കാണിച്ചാലും സൗജന്യ ഇന്ധനം ലഭ്യമാകും.