ഇന്ത്യയിലെ കോവിഡ് 19 ഹോട്ട് സ്‌പോട്ട് നിസാമുദ്ദീന്‍ മതസമ്മേളനം! ; തിരിച്ചറിയേണ്ടത് ആയിരങ്ങളെ, കേരളത്തിൽനിന്നു പോയത് 270 പേർ

single-img
1 April 2020

തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണം നടക്കുകയാണ്. നിസാമുദ്ദീനിൽ നടന്ന രണ്ട് സമ്മേളനങ്ങളിൽ കേരളത്തിൽനിന്ന് 270 പേർ പങ്കെടുത്തതായാണു വിവരം.മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരില്‍നിന്ന് വൈറസ് വലിയതോതില്‍ വ്യാപിച്ചിട്ടുണ്ടാകാനുള്ള സാധ്യതയാണ് നിസാമുദ്ദീനെ കോവിഡ് 19ന്‍റെ ഹോട്ട് സ്പോട്ട് ആക്കുന്നത്.

രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് നിസാമുദ്ദീനിൽ എത്തിയത്. 16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. ഇതുവരെ 2137 പേരുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ സംസ്ഥാനത്തു നിന്നും വന്നവരുടെ ഏകദേശ കണക്കുകൾ ഇപ്രകാരമാണ്. തമിഴ്നാട് –1500, ആന്ധ്ര പ്രദേശും തെലങ്കാനയും –1000 പേർ, അസ്സം –300, ഉത്തർ പ്രദേശ് 157, മധ്യ പ്രദേശ്–107, മഹാരാഷ്ട്ര–109, കർണാടക–45, ഉത്തരാഖണ്ഡ്–34, ചത്തീസ്ഗഡ് –46, ഹരിയാന–22, ആൻഡമാൻ നിക്കോബാർ 22, രാജസ്ഥാൻ–19, ഹിമാചൽ പ്രദേശ് 15, ഒഡീഷ –15, രാജസ്ഥാൻ 9, മേഘാലയ –5.

സമ്മേളനത്തിൽ പങ്കെടുത്തവരിൽ വിവിധ സംസ്ഥാനങ്ങളിലായി 10 പേർ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചു. ആറുപേർ തെലങ്കാനയിലും മറ്റുള്ളവർ ജമ്മുകശ്മീർ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുമുള്ളവരാണ്. മുംബൈയിൽ കൊറോണ ബാധിച്ചു മരിച്ച ഫിലിപ്പീൻസ് സ്വദേശിയും സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഡൽഹിയിൽ മരിച്ച പത്തനംതിട്ട സ്വദേശിയും ഈ സമ്മേളത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഡൽഹിയിൽ രോഗബാധ കണ്ടെത്തിയവരിൽ 24 പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.