ലോക്ക്ഡൗണിനിടെ ബ്രിട്ടനെ നടുക്കി കൊലപാതക പരമ്പരകൾ ; തെരുവില്‍ കുത്തേറ്റ് വീണ് നഴ്‌സ്

single-img
1 April 2020

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിനിടെ ബ്രിട്ടനില്‍ കൊലപാതക പരമ്പരകൾ അരങ്ങേറുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ നാല് വ്യത്യസ്ത സംഭവങ്ങളിലായി ഒമ്പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ‘മിറര്‍’ റിപ്പോര്‍ട്ട് ചെയ്തത് . സൗത്ത് യോക്ക്‌ഷെയറിലെ തെരുവില്‍ ഒരു നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവം ഉള്‍പ്പെടെയാണിത്.

ഞായറാഴ്ച വൈകീട്ടാണ് സൗത്ത് യോക്ക്‌ഷെയറിലെ വീടിന് മുന്നിലെ തെരുവില്‍ വിക്ടോറിയ വുഡ്ഹാള്‍(31) എന്ന യുവതി കൊല്ലപ്പെട്ടത്. ബ്രിട്ടനിലെ ഒരു ആശുപത്രിയില്‍ നഴ്‌സായിരുന്ന ഇവരെ ആളുകള്‍ നോക്കിനില്‍ക്കെയാണ് ഒരാള്‍ കുത്തിവീഴ്ത്തിയത്. സംഭവത്തില്‍ 40 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി സൗത്ത് യോക്ക്‌ഷെയര്‍ പോലീസ് അറിയിച്ചു. മൂന്ന് കുട്ടികളുടെ മാതാവായ വിക്ടോറിയ ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് മറ്റൊരു ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം.

സൗത്ത് വെയില്‍സിലെ ബ്രൈന്‍ഗ്ലാസിലാണ് മറ്റൊരു കൊലപാതകം നടന്നത്. 67 വയസ്സുകാരിയായ റൂത്ത് വില്യംസിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവായ അന്തോണി വര്‍ഗീസാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

വുഡ്മാന്‍കോട്ടില്‍ ശനിയാഴ്ച വൈകീട്ടാണ് മൂന്നാമത്തെ ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തെ ഒരു വീട്ടിനുള്ളില്‍ നാലുപേരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഇവരുടെ വളര്‍ത്തുനായയും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഹെമേല്‍ ഹെംസ്റ്റഡിലെ ഒരു വീട്ടില്‍ തീപ്പൊള്ളലേറ്റാണ് മൂന്ന് പേര്‍ മരിച്ചത്. വീടിന് തീപിടിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.